ബാങ്കോക് സ്ഫോടനം: മരണം 27 ആയി

ബാങ്കോക്: തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഹിന്ദു ക്ഷേത്രത്തിനു സമീപം നടന്ന വന്‍ സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 78 പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക് നഗരമധ്യത്തിലെ ചില്‍ഡോമിലുള്ള ഇറവന്‍ ക്ഷേത്രത്തിന് സമീപം രാത്രി ഏഴുമണിയോടെയാണ് സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ നാലു വിദേശികളുണ്ട്. ഇവര്‍ ഏതു രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ചൈന, തായ്വാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അപകടത്തിനിരയായവരില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവസ്ഥലത്ത് വേറെയും ബോംബുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലം സീല്‍ ചെയ്തു. ഒരു ബോംബ് പിന്നീട് നിര്‍വീര്യമാക്കി.
മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈദ്യുതി തൂണില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ചില ദൃക്സാക്ഷികളെ ഉദ്ധരിച്ച് വേറെ റിപ്പോര്‍ട്ടുമുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അവയവങ്ങളും വാഹനഭാഗങ്ങളും ചിതറിത്തെറിച്ച നഗരത്തില്‍ യുദ്ധ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൂടുതല്‍ ബോംബുകള്‍ക്കായി പരിസരങ്ങളില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പൊതുവെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പേരുകേട്ട ബാങ്കോക്കിനെ ഞെട്ടിച്ച ആക്രമണം നടത്തിയവര്‍ക്കായി അധികൃതര്‍ വലവിരിച്ചിട്ടുണ്ട്. ഏതെങ്കിലും തീവ്രവാദ സംഘടനക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരുകയാണ്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി തക്ഷിന്‍ ഷിനാവത്രയുടെ അനുയായികള്‍ 2010ല്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, രാജ്യത്തെ ടൂറിസത്തെയും സാമ്പത്തിക മേഖലയെയും തകര്‍ക്കലാണ് സ്ഫോടനത്തിനു പിന്നിലെ ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി പ്രവിത് വോങ്സുവോങ് പറഞ്ഞു. ഇവിടെയുള്ളത് ഹിന്ദു ദേവാലയമാണെങ്കിലും ആയിരക്കണക്കിന് ബുദ്ധമത വിശ്വാസികളും സന്ദര്‍ശിക്കാറുണ്ട്. ഇതിനോടനുബന്ധിച്ച് മൂന്ന് പ്രധാന വ്യാപാരകേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.ഇതിനടുത്താണ് സ്ഫോടനം നടന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.