റാബിഅ അദവിയ്യ കൂട്ടക്കൊലക്ക് രണ്ടു വയസ്സ്

കൈറോ: ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് ഭരണം പിടിച്ചടക്കിയ അബ്ദുല്‍ ഫത്താഹ് അല്‍സീസി സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ മരണത്തിന് കാരണമായ റാബിഅ അദവിയ്യ കൂട്ടക്കൊലക്ക് രണ്ടു വയസ്സ്. 2013 ആഗസ്റ്റ് 14ന് നടന്ന കൂട്ടക്കൊലയുടെ അനുസ്മരണ പരിപാടികളോടനുബന്ധിച്ച് രാജ്യത്ത് സുരക്ഷ ശക്തമാക്കി. റാബിഅ അല്‍അദവിയ്യ സ്ക്വയറില്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നവരെ സൈന്യം കടന്നാക്രമിക്കുകയായിരുന്നു. സൈന്യത്തിന്‍െറ വെടിവെപ്പില്‍ 700ഓളം  പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രധാന നഗരങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും പ്രതിഷേധക്കാര്‍ അനുസ്മരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഭവം നടന്ന് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ മുര്‍സി അനുകൂലികളായ നിരവധി നേതാക്കളും അനുയായികളും വിചാരണക്ക് വിധേയമായിട്ടുണ്ടെങ്കിലും ഒറ്റ പൊലീസുകാരെയും ഇതുവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായിട്ടില്ല.
സംഭവത്തിനിടെ 10 പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ കൊല്ലപ്പെട്ടതിനത്തെുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് ഒൗദ്യോഗിക ഭാഷ്യം. അതേസമയം, നിരായുധരായ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിവെക്കുകയും കൊല്ലുകയുമായിരുന്നു എന്ന് പ്രതിഷേധക്കാരെ ഉദ്ധരിച്ച് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.
ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ് വാച്ച് കൂട്ടക്കൊലയില്‍ അന്വേഷണം നടത്താന്‍ യു.എന്‍ മനുഷ്യാവകാശ സമിതിയോട് ആവശ്യപ്പെട്ടു. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയില്‍ അവിടെയുള്ള സര്‍ക്കാര്‍ അന്വേഷണം നടത്താതിരുന്നപ്പോള്‍ യൂറോപ്പും വാഷിങ്ടണും അതില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ് ഉണ്ടായതെന്ന് അവര്‍ ആരോപിച്ചു. യു.എന്‍ മനുഷ്യാവകാശ സമിതി ഇതുവരെയും ഈ വിഷയം അഭിമുഖീകരിക്കാന്‍ സന്നദ്ധമായിട്ടില്ളെന്നും അവര്‍ ആരോപിച്ചു.
രാജ്യത്ത് ജനാധിപത്യപരായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്‍റായിരുന്നു മുഹമ്മദ് മുര്‍സി. അധികാരമേറ്റ് ഒരു വര്‍ഷത്തിനു ശേഷം സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയായിരുന്നു അദ്ദേഹം. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ് മുര്‍സി ഇപ്പോള്‍. ഇപ്പോഴത്തെ പ്രസിഡന്‍റും മുന്‍ സൈനിക മേധാവിയുമായ അബ്ദുല്‍ ഫത്താഹ് അല്‍സീസി മുസ്ലിം ബ്രദര്‍ഹുഡിനെയും മുര്‍സിയെയും രാജ്യത്തുനിന്ന് ഉന്മൂലനംചെയ്യാനുള്ള തീവ്രയത്നത്തിലാണ്. പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി സീസി സംഘടനയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും നേതാക്കളെയും പ്രവര്‍ത്തകരെയും വ്യാപകമായി അറസ്റ്റ് ചെയ്യുകയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.