ട്രംപിനെതിരെ ആഞ്ഞടിച്ച് ഹിലരി

ഫിലഡെല്‍ഫിയ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി നടത്തിയ പ്രസംഗത്തില്‍തന്നെ ഹിലരി ക്ളിന്‍റന്‍ എതിര്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചു. സ്ഥാനാര്‍ഥി നാമനിര്‍ദേശം ഒൗദ്യോഗികമായി സ്വീകരിച്ച് ഫിലഡെല്‍ഫിയയിലെ വെല്‍സ് ഫാര്‍ഗോ സെന്‍ററില്‍ നടത്തിയ പ്രസംഗത്തിലാണ് ഹിലരി രൂക്ഷ വിമര്‍ശമുയര്‍ത്തിയത്. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും തൊഴില്‍ വാഗ്ദാനം ചെയ്ത അവര്‍, രേഖകളില്ലാതെ താമസിക്കുന്നവര്‍ക്ക് പൗരത്വത്തിലേക്കുള്ള വഴി എളുപ്പമാക്കുമെന്നും വ്യക്തമാക്കി.

 ഏറെ വിനയത്തോടെയും അതോടൊപ്പം തികഞ്ഞ ആത്മവിശ്വാസത്തോടെയും പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനുള്ള നാമനിര്‍ദേശം സ്വീകരിച്ചതായി അറിയിച്ച് തുടങ്ങിയ പ്രഭാഷണത്തില്‍, ഹിലരി ട്രംപിന്‍െറ നയങ്ങളെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ആളുകളെ പരസ്പരം ഭിന്നിപ്പിക്കുകയാണ് ട്രംപെന്ന് അവര്‍ കുറ്റപ്പെടുത്തി.

‘മറ്റു രാജ്യങ്ങളില്‍നിന്ന് നമ്മെ ഒറ്റപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രകാശപൂരിതമായ ഒരിടത്തുനിന്ന് അന്ധകാരത്തിലേക്കാണ് അദ്ദേഹം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെ നയിക്കുന്നത്. ആഭ്യന്തരശക്തികളില്‍ പലരും പകപോക്കലിനുള്ള അവസരമായി പുതിയ സാഹചര്യത്തെ കാണുന്നുണ്ട്. നമ്മെ പരസ്പരം അകറ്റാനാണ് ഈ ശക്തികളുടെ ശ്രമം. ഇവര്‍ക്കെതിരെ  നാം ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടത്’ -അവര്‍ പറഞ്ഞു. നമ്മള്‍ പുതിയ ഒരു മതില്‍ നിര്‍മിക്കുകയല്ല, മറിച്ച് എല്ലാവര്‍ക്കും ജോലിയും സുരക്ഷയും ഉറപ്പുനല്‍കുന്ന സാമ്പത്തികക്രമം ഉണ്ടാക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. കുടിയേറ്റക്കാര്‍ ഇപ്പോള്‍തന്നെ അമേരിക്കയുടെ സാമ്പത്തികരംഗത്ത് കാര്യമായി സംഭാവന ചെയ്യുന്നുവെന്ന് നിരീക്ഷിച്ച ഹിലരി അവരുടെ പൗരത്വത്തിലേക്കുള്ള പാത എളുപ്പമാക്കുമെന്നും  കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹിലരിയുടെ പ്രസംഗത്തിനിടെ ഏതാനും പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തത്തെി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വമത്സരത്തില്‍ ഹിലരിയുടെ എതിരാളിയായിരുന്ന ബേണി സാന്‍ഡേഴ്സിനെ പിന്തുണച്ചവരായിരുന്നു പ്രതിഷേധക്കാര്‍. ഹിലരി പ്രസംഗിക്കുമ്പോള്‍ പുറംതിരിഞ്ഞുനിന്ന അവര്‍, ‘ ഇനഫ് ഈസ് ഇനഫ്’  എന്ന പ്ളക്കാര്‍ഡുകളും ഉയര്‍ത്തി. എന്നാല്‍, ഇവരുടെ പ്രതിഷേധത്തോട് ഹിലരി പ്രതികരിച്ചില്ല.

‘ട്രംപ്, നിങ്ങള്‍ അമേരിക്കന്‍ ഭരണഘടന വായിച്ചിട്ടുണ്ടോ?’

ഡെമോക്രാറ്റിക് കണ്‍വെന്‍ഷനിടെ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ഇറാഖില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട മുസ്ലിം സൈനികന്‍െറ പിതാവ് ഹിസ്ര്‍ ഖാന്‍. അമേരിക്കന്‍ ഭരണഘടന ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടൊയെന്നാണ് ട്രംപിനോട് അദ്ദേഹത്തിന്‍െറ ചോദ്യം. ഫിലഡെല്‍ഫിയയില്‍ ഒരുമിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു ആ ചോദ്യം. 2004ലാണ് 28ാമത്തെ വയസ്സില്‍ അദ്ദേഹത്തിന്‍െറ മകന്‍ ഹുമയൂണ്‍ ഖാന്‍ കൊല്ലപ്പെട്ടത്. സൈന്യത്തില്‍ ചേരുന്നതിനുമുമ്പ് നിയമം പഠിക്കാനായിരുന്നു അവന് താല്‍പര്യം.
അന്ന് അമേരിക്ക ഭരിച്ചിരുന്നത് ട്രംപ് ആയിരുന്നുവെങ്കില്‍ മകന്‍ അമേരിക്കയിലുണ്ടാവുമായിരുന്നില്ല. ട്രംപ് മുസ്ലിംകളെ അപമാനിക്കുകയാണ്. മറ്റു സമുദായങ്ങളിലെ സ്ത്രീകളെയും ന്യായാധിപന്മാരെയും തന്‍െറ പാര്‍ട്ടി നേതൃത്വത്തെതന്നെയും ട്രംപ് അപമാനിക്കുകയാണ്. ഞങ്ങളെ പുറത്താക്കുമെന്നും  കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കയില്‍ മതില്‍ കെട്ടുമെന്നും വീമ്പിളക്കുന്നു. അമേരിക്കയുടെ നല്ല ഭാവിക്കായി നിങ്ങളെ വിശ്വസിക്കണമെന്നാണ് പറയുന്നത്. ഒറ്റച്ചോദ്യം ചോദിക്കട്ടെ അമേരിക്കന്‍ ഭരണഘടന ഒരിക്കലെങ്കിലും നിങ്ങള്‍ വായിച്ചിട്ടുണ്ടോ?  അതിനു ശേഷം കീശയില്‍നിന്ന് ഭരണഘടനയിലെ സുപ്രധാന കാര്യങ്ങളെ കുറിച്ച് സൂചിപ്പിക്കുന്ന രേഖ പുറടത്തെടുത്തു. ഇതില്‍ പറയുന്നത് എല്ലാവരെയും ഒരുപോലെ സംരക്ഷിക്കുന്ന നിയമവാഴ്ചയെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണെന്നും വായിച്ചുപഠിക്കാന്‍ ട്രംപിന് സന്തോഷപൂര്‍വം നല്‍കാമെന്നും ഖാന്‍ പറഞ്ഞു.

എന്‍െറ അമ്മ അടുത്ത പ്രസിഡന്‍റ്–ചെല്‍സി

 ഹിലരി ക്ളിന്‍റന് മകള്‍ ചെല്‍സിയുടെ അകമഴിഞ്ഞ പിന്തുണ. തന്‍െറ അമ്മയും ആരാധനാപാത്രവുമായ ഹിലരി തന്നെയായിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്‍െറന്ന് ചെല്‍സി പറഞ്ഞു. രാഷ്ട്രീയത്തില്‍നിന്ന് അകലംപാലിക്കുന്ന ചെല്‍സി ഫിലഡെല്‍ഫിയയിലെ ഡെമോക്രാറ്റിക് കണ്‍വെന്‍ഷനിടെ അമ്മക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.‘പൊതുജന സേവനം എന്നത് എന്താണെന്ന് അമ്മയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞാന്‍ മനസ്സിലാക്കിയത്. ഒരു അമ്മയെന്ന നിലയില്‍ ഹിലരി എന്‍െറ മാത്രം ഉന്നമനമല്ല ലക്ഷ്യം വെച്ചത്. മറ്റുള്ളവരുടേതുകൂടിയാണ്. പ്രതിസന്ധികള്‍ ചിരിക്കുന്ന മുഖത്തോടെ നേരിടാന്‍ എന്നെ പഠിപ്പിച്ചു. അമ്മക്ക് എങ്ങനെ ഇതെല്ലാം സാധ്യമാകുന്നു എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.  പോരാളിയായ അമ്മ ഒരിക്കലും പരാജയപ്പെടരുത്. അമ്മയായിരുന്നു എല്ലാകാലത്തും തന്‍െറ ശക്തിയെന്നും 36കാരിയായ ചെല്‍സി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.