9/11 ഭീകരാക്രമണം: പ്രസിദ്ധീകരിക്കാത്ത "28 പേജുകൾ" യു.എസ് പുറത്തുവിട്ടു

വാഷിങ്ടൺ: 2001 സെപ്റ്റംബർ 11ന് അമേരിക്കയിലെ ലോക വ്യാപാര സമുച്ചയത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള രഹസ്യ റിപ്പോർട്ടിലെ പ്രസിദ്ധീകരിക്കാത്ത "28 പേജുകൾ" യു.എസ് കോൺഗ്രസ് പുറത്തുവിട്ടു. ഭീകരാക്രമണം ആസൂത്രണം ചെയ്തവർക്ക് സൗദി അറേബ്യയിലെ ചിലരുടെ പിന്തുണയും സഹായവും ലഭിച്ചിരുന്നതായി "28 പേജുകൾ" എന്നറിയപ്പെടുന്ന അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

സൗദിയിലെ ചില ഉന്നതരുമായി ഭീകരാക്രമണം നടത്തിയവർ ബന്ധപ്പെട്ടതായും ഇവരിൽ നിന്ന് പിന്തുണ ലഭിച്ചതായും റിപ്പോർട്ടിലുണ്ട്. യു.എസിലുള്ള സൗദി ഉദ്യോഗസ്ഥർ തീവ്രവാദ സംഘടനയായ അൽ ഖാഇദയുമായും മറ്റ് ഭീകരവാദ ഗ്രൂപ്പുകളുമായും ബന്ധം സ്ഥാപിച്ചിരുന്നതായും അന്വേഷണത്തിൽ വിവരം ലഭിച്ചതായി റിപ്പോർട്ട് വിശദീകരിക്കുന്നു. അതേസമയം, സംയുക്ത അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 11 ആക്രമണം സംബന്ധിച്ച അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നും "28 പേജുകൾ" എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട കോൺഗ്രസ് നടപടിയെ യു.എസിലെ സൗദി അംബാസഡർ അബ്ദുല്ല അൽ സൗദ് സ്വാഗതം ചെയ്തു. സൗദി ഭരണകൂടത്തിനോ മുതിർന്ന ഉദ്യോഗസ്ഥർക്കോ സെപ്റ്റംബർ 11 ആക്രമണത്തിൽ പങ്കുള്ളതായി സി.ഐ.എ, എഫ്.ബി.ഐ അടക്കമുള്ള ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. യു.എസുമായുള്ള ദീർഘകാല സൗഹൃദത്തെ അന്വേഷണ റിപ്പോർട്ട് പ്രതികൂലമായി ബാധിക്കില്ലെന്നും സൗദി അംബാസഡർ വ്യക്തമാക്കി.

2001ലെ സെപ്റ്റംബർ 11ന് ഭീകരാക്രമണം നടന്നതിനെ തുടർന്നാണ് 2002ൽ യു.എസ് കോൺഗ്രസ് സംയുക്ത അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായുള്ള റിപ്പോർട്ടിലെ പ്രസിദ്ധീകരിക്കാത്ത "28 പേജുകളാ"ണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. "28 പേജുകൾ" എന്നറിയപ്പെടുന്നതെങ്കിലും യഥാർഥത്തിൽ സി.ഐ.എ ഡയറക്ടർ ജോർജ് ടെനന്‍റിന്‍റെ കുറിപ്പ് അടക്കം 29 പേജുകളാണുള്ളത്. അന്വേഷണ റിപ്പോർട്ടിലെ പ്രസിദ്ധീകരിക്കാത്ത 28 പേജുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് 2003ൽ യു.എസ് കോൺഗ്രസിലെ 46 സെനറ്റർമാർ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു. ബുഷിന് കത്ത് നൽകിയിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.