മോദി സിലിക്കണ്‍വാലിയില്‍; ടെക്നോളജി തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി

കലിഫോര്‍ണിയ: യു.എസ് സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സിലിക്കണ്‍ വാലിയില്‍ എത്തി. ലോകത്തെ തന്നെ പ്രധാനപ്പെട്ട ടെക്നോളജി കമ്പനികളുടെ ആസ്ഥാനം ഉള്‍പ്പെടുന്നതാണ് സിലിക്കണ്‍ വാലി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് യു.എസ് കമ്പനികളുടെ സഹായം ഉറപ്പുവരുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം എന്നാണറിയുന്നത്.

സാന്‍ഹൊസെ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മോദി ഫെയര്‍ മൗണ്ട് ഹോട്ടലില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച റിസപ്ഷനില്‍ പങ്കെടുത്തു. പിന്നീട് ടെസ് ലാ ഇലക്ട്രിക് കാര്‍ കമ്പനിയില്‍ സി.ഇ.ഒ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യാ നാദല്ലെ, ഗൂഗ്ള്‍ കമ്പനി പ്രൊഡക്ട് ചീഫ് സുന്ദര്‍ പിച്ചൈ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ഇനി ഫെയ്സ്ബുക് ഹെഡ്ക്വാര്‍ട്ടേഴ്സാണ് മോദി സന്ദര്‍ശിക്കുന്നത്. അവിടെ സി.ഇ.ഒ മാര്‍ക്ക് സൊകര്‍ബെര്‍ഗുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഫേസ്ബുക്ക് വഴി പൊതുജനങ്ങളുമായി ചോദ്യോത്തര പരിപാടി നടക്കും.

നേരത്തെ സാന്‍ഹൊസെ വിമാനത്താവളത്തില്‍ മോദിയെ മേയര്‍ സാം ലിക്കാര്‍ഡേ, കൗണ്‍സില്‍ മെമ്പര്‍ ആഷ് കാര്‍ല, സന്‍ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റ് ജനറല്‍ അംബാസിഡര്‍ വെങ്കിടേശന്‍ അശോക് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.