ചരിത്രമായി ഫിദല്‍ കാസ്ട്രോ -ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച

ഹവാന: ക്യൂബന്‍ വിപ്ളവ ഇതിഹാസം ഫിദല്‍ കാസ്ട്രോയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ സന്ദര്‍ശനത്തിന്‍െറ രണ്ടാം ദിവസത്തില്‍ കാസ്ട്രോയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ഓര്‍മയ്ക്കായി ഫിദല്‍ കാസ്ട്രോയും ഫ്രാന്‍സിസ് മാര്‍പാപ്പയും പുസ്തകങ്ങള്‍ കൈമാറി.


മാര്‍പാപ്പ രചിച്ച രണ്ട് പുസ്തകങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പുസ്തകങ്ങളാണ് സമ്മാനിച്ചത്. ഇതില്‍ രണ്ടെണ്ണം ഇറ്റാലിയന്‍ പുരോഹിതനും ഒരെണ്ണം ജെസ്യൂട്ട് പുരോഹിതനും എഴുതിയതാണ്. ഫിദല്‍ ആന്‍ഡ് റിലിജിയന്‍ എന്ന പുസ്തകമാണ് കാസ്ട്രോ സമ്മാനിച്ചത്. ചടങ്ങില്‍ കാസ്ട്രോയുടെ ഭാര്യയും കുട്ടികളും പേരക്കുട്ടികളും സന്നിഹിതരായിരുന്നു.

അതേസമയം, ഹവാനയിലെ റെവലൂഷന്‍ സ്ക്വയറില്‍ മാര്‍പാപ്പ കുര്‍ബാനയര്‍പ്പിച്ചു. പതിനായിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ സംബന്ധിച്ചു. മാതൃഭാഷയായ സ്പാനിഷില്‍ ആദ്യമായാണ് ഒരു പോപ്പ് കുര്‍ബാനക്കിടെ ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്യുന്നത്.

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെത്തിയത്. ക്യൂബയില്‍ നിന്ന് സെപ്റ്റംബര്‍ 22ന് അമേരിക്കയിലേക്ക് പോകുന്ന മാര്‍പാപ്പ യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. സെപ്റ്റംബര്‍ 27ന് മാര്‍പാപ്പ റോമിലേക്ക് മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.