പുതുമോടിയില്‍ ഐഫോണ്‍; കൂടെ ആപ്പ്ള്‍ ടിവിയും

സന്‍ഫ്രാന്‍സിസ്കോ: ടെക്നോളജി ഭീമനായ ആപ്പ്ള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ഐഫോണ്‍ 6എസ്, 6 എസ് പ്ളസ് എന്നിവയാണ്  മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍. ഇതോടൊപ്പം ആപ്പിള്‍ ടിവിയും വലിയ സ്ക്രീനുള്ള ഐപാഡ് പ്രോയും അവതരിപ്പിച്ചു. ആപ്പ്ള്‍ ചീഫ് എക്സിക്യൂട്ടിവ് ടിം കുക്കാണ് സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തിയത്. ഐഫോണിന്‍െറ ഒമ്പതാം പതിപ്പാണ് ഇന്നലെ പുറത്തിറക്കിയത്. 2007ലാണ് ആദ്യത്തെ ഐഫോണ്‍ അവതരിപ്പിച്ചത്.



സെപ്റ്റംബര്‍ 25 മുതല്‍ വിപണിയിലെ ത്തുന്ന ഐഫോണിന്‍െറ ബുക്കിങ് ശനിയാഴ്ച (ഈ മാസം 12ന്) ആരംഭിക്കും. യു.എസ്, ആസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, ജപ്പാന്‍, ന്യൂസിലന്‍ഡ്, പ്യൂട്ടോ റികോ, സിംഗപ്പൂര്‍, യു.കെ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ ഇത് മാര്‍ക്കറ്റിലെത്തുന്നത്. ഐഫോണ്‍ ഓപറേറ്റിങ് സിസ്റ്റം 9 ആണ് ആപ്പ്ളില്‍ ഉപയോഗിക്കുന്നത്. ത്രീ ഡി ടച്ച് അടക്കമുള്ള സംവിധാനങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓപറേറ്റിങ് സിസ്റ്റമാണിത്. മികച്ച രീതിയിലുള്ള ക്യാമറയും ടച്ച് സാങ്കേതിക വിദ്യയുമാണ് ഐ ഫോണിന്‍െറ പുതിയ പതിപ്പിന്‍െറ പ്രധാന പ്രത്യേകത. പിന്‍ക്യാമറ 12 പിക്സലും മുന്‍ക്യാമറ അഞ്ച് പിക്സലുമാണ്.



ലൈവ് ഫോട്ടോയാണ് മറ്റൊരു പ്രത്യേകത. ഒരു ജലാശയത്തിന്‍െറ ചിത്രത്തില്‍ വിരലമര്‍ത്തിയാല്‍ ഓളങ്ങള്‍ ഇളകുന്നത് നമുക്ക് അനുഭവപ്പെടും. സിക്സ് എസ് ഹാന്‍ഡ്സെറ്റിന്‍െറ സ്ക്രീനിന്‍െറ വീതി 4.7 ഇഞ്ചാണ്. സിക്സ് എസ് പ്ളസിന് 5.5 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. ശക്തികൂടിയ പ്രോസസറുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ മികച്ച ഗ്രാഫിക്സുകള്‍ സപ്പോര്‍ട്ട് ചെയ്യും. കൂടാതെ പുതിയ അലൂമിനിയം ബോഡിയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. പരിഷ്കരിച്ച രീതിയിലുള്ള 12 മെഗാപിക്സല്‍ ക്യാമറയോടൊപ്പം 4Kവിഡിയോ റെക്കോര്‍ഡ് ചെയ്യാനും ഐഫോണില്‍ സൗകര്യമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.



12.9 ഇഞ്ച് ആണ് ഐപാഡ് പ്രോയുടെ ഡിസ്പ്ളേ. നാല് വശങ്ങളിലും സ്പീക്കറോടുകൂടിയ പ്രോക്ക് 6.9 മില്ലിമീറ്റര്‍ കനമാണുള്ളത്. മുന്നിലും പിന്നിലും ക്യാമറകള്‍, ബ്ളൂടൂത്ത്, വൈഫൈ എന്നീ സൗകര്യങ്ങളും ഐ പാഡിലുണ്ട്. ഇതില്‍ ഉപയോഗിക്കാന്‍ പുതിയ സ്റ്റൈലസും ആപ്പ്ള്‍ പുറത്തിറക്കി. ആപ്പ്ള്‍ പെന്‍സില്‍ എന്നാണ് ഇതിന്‍െറ പേര്.



എ9എക്സ് ചിപ്പാണ് പ്രോക്ക് ശക്തി നല്‍കുന്നത്. രണ്ട് ജി.ബി റാമും വേഗമേറിയ ഫ്ളാഷ് സ്റ്റോറജും ഇതില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 16ന് പുറത്തിറങ്ങുന്ന ഐ.ഒ.എസ് 9 പ്ളാറ്റ്ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നവംബറിലാണ് പ്രോ വിപണിയില്‍ എത്തുന്നത്.

അടുത്ത തലമുറയുടെ ടിവി എന്നാണ് ആപ്പ്ള്‍ ടിവിയെ ചീഫ് എക്സിക്യൂട്ടിവ് ടിം കുക്ക് വിശേഷിപ്പിച്ചത്. ഉപയോഗത്തിന് ഏളുപ്പമുള്ള രീതിയിലാണ് ആപ്പ്ള്‍ ടിവി ഉണ്ടാക്കിയിരിക്കുന്നത്.



ഐഫോണിലെ വോയ്സ് അസിസ്റ്റന്‍റായ 'സിരി'യുടെ സേവനം ലഭിക്കുന്ന സാങ്കേതിക വിദ്യയാണ് ആപ്പ്ള്‍ ടിവിയില്‍ ഉപയോഗിച്ചിരിക്കുന്നത്. കാലാവസ്ഥയും കായിക മത്സരങ്ങളുടെ സ്കോറും ടിവി പറഞ്ഞുതരും. സ്ക്രീനില്‍ കാണുന്ന നടീനടന്‍മാര്‍ ആരാണെന്ന് ചോദിച്ചാല്‍ പോലും ടിവി കൃത്യമായ ഉത്തരം നല്‍കും. ആപ്പ്ള്‍ ടിവി നവംബര്‍ മുതലാണ് വിപണിയില്‍ ലഭ്യമാവുക.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.