ന്യൂയോര്‍ക്ക്: ലോകം നടുങ്ങിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്‍റെ ഐക്കണ്‍ ആയി മാറിയ ആ ചിത്രം ബാക്കിയാക്കി ‘ഡസ്റ്റ് ലേഡി’ യാത്രയായി. വയറിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്നായിരുന്നു മേഴ്സി ബോര്‍ഡേഴ്സ് എന്ന 42കാരിയുടെ മരണം.
വേള്‍ഡ് ട്രേഡ് സെന്‍ററിലെ ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരിയായിരുന്നു മേഴ്സി. ഭീകരാക്രമണത്തെ തുടര്‍ന്ന് പേടിച്ചരണ്ട് പുറത്തേക്കിറങ്ങി ഓടുമ്പോഴാണ് എ.എഫ്.പി ഫോട്ടോഗ്രാഫര്‍ സ്റ്റാന്‍ ഹോണ്ടയുടെ ക്യാമറാ ഫ്ളാഷ് ആ 28 കാരിക്കുമേല്‍ മിന്നിയത്. തിരിച്ചറിയാത്തവിധം ശരീരമാകെ പൊടിയുമായി പ്രതിമ കണക്കെ നില്‍ക്കുന്ന അവരുടെ ചിത്രം പിന്നീട് ഭീകരാക്രമണത്തിന്‍റെ ഐക്കണ്‍ ആയി മാറി.
ദുരന്തത്തിന്‍റെ ഭീതിയും ആഴവും വ്യക്തമാക്കുന്ന ചിത്രം ടൈം മാഗസിന്‍റെ ‘25 ശക്തമായ ചിത്രങ്ങളുടെ പട്ടിക’യില്‍ ഇടംപിടിച്ചു. അതിനുശേഷം ‘ഡസ്റ്റ് ലേഡി’ എന്ന പേരില്‍ ആയിരുന്നു മേഴ്സി അറിയപ്പെട്ടത്. ദുരന്തത്തിന്‍റെ ആഘാതത്തില്‍ സമനില നഷ്ടപ്പെട്ട ഇവര്‍ക്ക് സാധാരണ നിലയിലേക്ക് തിരികെയത്തൊന്‍ പത്തു വര്‍ഷം വേണ്ടി വന്നു.
ഭീതിതമായ ഓര്‍മകളില്‍ നിന്ന് രക്ഷതേടി മേഴ്സി മദ്യം ഉപയോഗിച്ചുതുടങ്ങി. പിന്നീട് മയക്കുമരുന്നിനും അടിമയായി. ഇതോടെ മേഴ്സിയുടെ ഭര്‍ത്താവും രണ്ടു മക്കളും അവരില്‍ നിന്നകന്നു. 2011 ല്‍ ലഹരി പുനരധിവാസ കേന്ദ്രത്തിലെ ചികില്‍സയോടെ അവര്‍ പഴയ നിലയിലേക്ക് മടങ്ങി. മക്കളും മേഴ്സിക്കൊപ്പം താമസം തുടങ്ങിയിരുന്നു. എന്നാല്‍, ജീവിതത്തില്‍ അധിക ദൂരം താണ്ടാന്‍ ‘ഡ്സ്റ്റ് ലേഡി’ ക്കായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.