ഐ.എസ് ഉപമേധാവി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് യു.എസ്

വാഷിങ്ടണ്‍: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ (ഐ.എസ്) നേതൃത്വത്തിലെ രണ്ടാമന്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖിലെ മൂസിലില്‍ ചൊവ്വാഴ്ച നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഫാദില്‍ അഹ്മദ് അല്‍ ഹയാദി കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഐ.എസിന്‍െറ മാധ്യമവിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന  അബു അബ്ദുലയും കൊല്ലപ്പെട്ടു. ഇരുവരും വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. നേതൃത്വത്തിലെ രണ്ടാമന്‍ കൊല്ലപ്പെട്ടത് ഐ.എസിന് വലിയ തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു.

ഐ.എസിന് ആവശ്യമായ ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍,വാഹനങ്ങള്‍ എന്നിവയുടെ നീക്കത്തിനു നേതൃത്വം നല്‍കുന്നത് ഫാദില്‍ അഹ്മദായിവരുന്നെന്ന് വൈറ്റ് ഹൗസ് വക്താവ് നെദ് പ്രൈസ് പറഞ്ഞു. ഹാജി മുദ്ദസ് എന്നാണ് ഫാദില്‍ അഹ്മദിന് യു.എസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്ന പേര്. സദ്ദാം ഹുസൈന്‍െറ കാലത്ത് സൈന്യത്തില്‍ ലെഫ്റ്റനന്‍റ് കേണലായിരുന്നു ഹാജി മുദ്ദസ്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഐ.എസിന്‍െറ മുതിര്‍ന്ന മൂന്ന് നേതാക്കള്‍  ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എസ് സംയുക്ത സേനാ ചെയര്‍മാന്‍ ജനറല്‍ മാര്‍ട്ടിന്‍ ഡംപ്സി അറിയിച്ചിരുന്നു. അതേസമയം അബൂബക്കര്‍ അല്‍ ബഗ്ദാദി കഴിഞ്ഞാല്‍ ഐ.എസിന് എത്ര രണ്ടാം നിര നേതാക്കളുണ്ടെന്ന് ആര്‍ക്കും അറിയില്ളെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് മുന്‍ ഉപദേശകന്‍ ജോഷ്വ വാക്കര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.