മെക്സിക്കോ സിറ്റി: കുടിനീരു തേടിയുള്ള യാത്രയില്‍ ആഫ്രിക്കന്‍ മരുഭൂവിന്‍റെ അറ്റമില്ലായ്മയില്‍ മരണമുഖത്തടിയുന്ന കുടുംബത്തിന്‍റെ കഠിനാനുഭവങ്ങള്‍ ആണ് മാരിയോണ്‍ ഹാന്‍സിന്‍റെ ‘സൗണ്ട് ഓഫ് സാന്‍റ്സ്’എന്ന ചിത്രത്തിലേത്. ന്യൂ മെക്സിക്കോയിലെ വെള്ള മണല്‍ക്കടലിലേക്ക് യാത്ര ചെയ്ത കുടുംബത്തിന്‍റെ അനുഭവം ഈ സിനിമയെ ഓര്‍മിപ്പിക്കുന്നു. മരുഭൂമിയിലെ തിളക്കുന്ന ചൂടില്‍ രണ്ടു ജീവനുകള്‍ പൊലിഞ്ഞതാണ് മെക്സിക്കോയില്‍ നിന്നുള്ള പുതിയ വാര്‍ത്ത. അവരുടെ ഒമ്പതു വയസ്സുള്ള മകന്‍റെ അല്‍ഭുതകരമായ രക്ഷപ്പെടലിന്‍റേതും കൂടി കഥയാണത്. പ്രേക്ഷകനെ നീറ്റുന്ന സിനിമയിലേതിന് സമാനമായ രംഗങ്ങളിലൂടെയായിരുന്നു അവരുടെ യാത്ര. സിനിമയില്‍ അഞ്ചംഗ കുടുംബത്തിന്‍റെ ആ യാത്രയുടെ ഒടുവില്‍ ജീവനോടെ അവശേഷിച്ചത് അഛനും മകളും മാത്രമായിരുന്നു.
മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ്സ് നാഷണല്‍ മോണുമെന്‍റ് പാര്‍ക്കിലേക്ക് വരുന്ന യാത്രികര്‍ക്ക് കൊടും ചൂടിന്‍റെ അപായ മുന്നറിയിപ്പും കരുതല്‍ നിര്‍ദേശവും നല്‍കിയിരുന്നു അധികൃതര്‍. യഥേഷ്ടം വെള്ളം കരുതണമെന്നും ചൂട് 100 ഡിഗ്രി ആണെന്നും. ഈ സമയത്താണ് ഒമ്പതുകാരനായ മകനുമായി ഫ്രഞ്ച് ദമ്പതികള്‍ മരുഭൂ സൗന്ദര്യം നുകരാന്‍ സഞ്ചാരികള്‍ക്കായുള്ള വഴിത്താരയിലേക്ക് പ്രവേശിച്ചത്. ഇതിനായി ഒരുക്കിയ ‘അല്‍കാലി ഫ്ളാറ്റ് ട്രെയിലി’ലൂടെയായിരുന്നു യാത്ര. മണല്‍കൂനകളുടെ മനോഹര ദൃശ്യങ്ങള്‍ നുകരാന്‍ സഞ്ചാരികള്‍ക്കായി അധികൃതര്‍ ഒരുക്കിയതായിരുന്നു ഈ വഴിത്താര. മരുഭൂമിയിലെ ചില നിര്‍ണിത അടയാളങ്ങള്‍ നോക്കി വേണമായിരുന്നു ഇതിലൂടെ സഞ്ചരിക്കാന്‍. അടയാളത്തിനായി ഇടക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഈ അടയാളങ്ങള്‍ പലയിടത്തും തകര്‍ന്നുപോയിരുന്നു.
നടത്തത്തിനിടെ മുന്നോട്ടു പോവാന്‍ കഴിയാതെ അവശയായ അമ്മ പിന്നിലുള്ള കാറിലേക്ക് തിരികെ നടക്കാന്‍ തുടങ്ങി. എന്നാല്‍, തലക്കുമുകളില്‍ കത്തുന്ന സൂര്യന്‍റെ കൊടും ചൂട് താങ്ങാനാവാതെ അവരുടെ ജീവന്‍ പറന്നകന്നു. അമ്മയുടെ വീഴ്ച അറിയാതെ അഛനും മകനും യാത്ര തുടര്‍ന്നു. മുന്നോട്ടുള്ള വഴി കാണാതെ പിന്നീട് അയാള്‍ പകച്ചു നിന്നു. ഒടുവില്‍ കൊടും ചൂട് താങ്ങാനാവാതെ വെള്ളമില്ലാതെ മകനെയും അരികില്‍ കിടത്തി തളര്‍ന്നു വീണു മരിച്ചു. വിജനമായ മരുഭൂമിയില്‍ ജലനഷ്ടത്താല്‍ തളര്‍ന്നു കിടന്ന കുഞ്ഞില്‍ മാത്രം ജീവന്‍റെ തുടിപ്പുകള്‍ അവശേഷിച്ചു. പിന്നീട് പട്രോളിങ്ങിനിറങ്ങിയ പാര്‍ക്കിലെ ജീവനക്കാരാണ് മരിച്ച നിലയില്‍ ആദ്യം അമ്മയെ കണ്ടത്തെിയത്. ട്രെയിലില്‍ ഇവര്‍ തനിച്ചായിരുന്നോ ഉണ്ടായിരുന്നത് എന്നറിയാനുള്ള തിരച്ചിലിനിടെ മുക്കാല്‍ മണിക്കൂറിനൊടുവില്‍ 42 കാരനായ ഡേവിഡ് സ്റ്റീനറിനെയും മകനെയും അവര്‍ കണ്ടത്തെി. ഒന്ന് കരയാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിയിരുന്നു ബാലന്‍.
ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ തിരിച്ചറിയാനുള്ള ശ്രമത്തിനിടെ ഇംഗ്ളീഷ് അറിയില്ളെന്നു അധികൃതര്‍ക്ക് മനസ്സിലായി. ഫ്രഞ്ച് അറിയാവുന്ന സ്ത്രീയെ സംഘടിപ്പിച്ച് കുട്ടിയില്‍ നിന്ന് പിന്നീട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അവശയായ അമ്മ പിറകിലേക്ക് 300 അടി നടന്നപ്പോഴേക്കും കുഴഞ്ഞുവീണിരുന്നു. എന്നാല്‍, ഇതിനകം 2000അടി മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു അഛനും മകനും. ദിശ തെറ്റിയറിയാതെ വാഹനം ദാ അവിടെയാണ്, അവിടെയാണ് എന്ന് പിതാവ് മകനോട് പറഞ്ഞുകൊണ്ടേയിരുന്നു. മാത്രമവുമല്ല, ഏറ്റവും കൂടിയ ചൂടില്‍ ആയിരുന്നു ആ ദിനം. 101 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ആ ദിനത്തിലെ ചൂട്. ഒടുവില്‍ മരുഭൂമി ദയ കാണിച്ചത് ആ കുഞ്ഞിനോടു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.