46 മണിക്കൂര്‍ ജന്മദിനം ആഘോഷിച്ച് ഗിന്നസ് റെക്കോഡ്

വാഷിങ്ടണ്‍: റെക്കോഡുകള്‍ സ്ഥാപിക്കാന്‍ ആളുകള്‍ കാര്യങ്ങളന്വേഷിച്ച് നടക്കുന്നകാലത്ത് ഒറ്റദിവസംകൊണ്ട് അവസാനിക്കേണ്ട ജന്മദിനത്തെ രണ്ടു ദിവസത്തോളം വലിച്ചുനീട്ടി വെന്‍ ഹേഗ്മര്‍ എന്ന ജര്‍മന്‍ സ്വദേശി ഗിന്നസ് ബുക്കില്‍ ഇടംനേടി. സമയത്തെ പിടിച്ചുനിര്‍ത്താനാവാത്തതിനാല്‍ വ്യത്യസ്ത സമയമേഖലകളിലൂടെ (ടൈം സോണ്‍) പറന്നു തോല്‍പിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് നാലിനായിരുന്നു വെനിന്‍െറ ജന്മദിനം.

ആ ദിവസം രാവിലെ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് വിമാനത്താവളത്തില്‍നിന്ന് പറന്നുതുടങ്ങിയ അദ്ദേഹം ആദ്യം ആസ്ട്രേലിയയിലും പിന്നീട് ഹവായിലും ഇറങ്ങുകയായിരുന്നു. 46 മണിക്കൂറിനുശേഷം ഹവായില്‍വെച്ചാണ് അദ്ദേഹം ആഗസ്റ്റ് നാലിന്‍െറ അര്‍ധരാത്രി പിന്നിട്ടത്. ആസ്ട്രേലിയയും ഹവായിയും തമ്മില്‍ 22 മണിക്കൂറോളം സമയവ്യത്യാസമുണ്ട്. ഇതോടൊപ്പം ഒരുദിവസത്തെ 24 മണിക്കൂര്‍കൂടി കൂട്ടിയാണ് അദ്ദേഹം 46 മണിക്കൂര്‍ തികച്ചത്. ആഘോഷം മുഴുവന്‍ പക്ഷേ, വിമാനത്തിലായിരുന്നെന്ന് മാത്രം.

35 മണിക്കൂറും 25 മിനിറ്റും ജന്മദിനം ആഘോഷിച്ച പാകിസ്താന്‍ സ്വദേശി നര്‍ഗീസ് ഭീംജിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 1998ല്‍ കറാച്ചിയില്‍ സിംഗപ്പൂരിലേക്കും പിന്നീട് അവിടെനിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്കും പറന്നായിരുന്നു നര്‍ഗീസിന്‍െറ റെക്കോഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.