ബംഗളൂരു: മാണ്ഡ്യയിലെ അഞ്ചു രൂപ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. എസ്.സി. ശങ്കരഗൗഡക്ക് ലഭിച്ചത് പതിനായിരത്തിലധികം വോട്ടുകൾ. മുഖ്യധാര പാർട്ടികളോട് സ്വതന്ത്ര സ്ഥാനാർഥിയായി എതിരിട്ടാണ് ജനകീയ ഡോക്ടർക്ക് ഇത്രയധികം വോട്ടുകൾ ലഭിച്ചതെന്നതാണ് ശ്രദ്ധേയം.
മാണ്ഡ്യ മണ്ഡലത്തിൽ 69,421 വോട്ടുകൾ നേടി ജെ.ഡി.എസിെൻറ എം. ശ്രീനിവാസാണ് വിജയിച്ചത്. കോൺഗ്രസിെൻറ പി. രവികുമാർ 47,813 വോട്ടുകളോടെ രണ്ടാമതും ബി.ജെ.പിയുടെ എൻ. ശിവണ്ണ 32064 വോട്ടുകളോടെ മൂന്നാമതും എത്തിയപ്പോൾ 10564 വോട്ടുകൾ നേടി നാലാം സ്ഥാനത്താണ് ശങ്കര ഗൗഡ. മറ്റു പാർട്ടികളുെട സ്ഥാനാർഥികളെയും സ്വതന്ത്ര സ്ഥാനാർഥികളെയും ഏറെ പിന്നിലാക്കിയാണ് ഡോക്ടറുടെ ശ്രദ്ധേയമായ പോരാട്ടം.
കസ്തൂർബ മെഡിക്കൽ കോളജിൽനിന്നും 32വർഷം മുമ്പ് പഠിച്ചിറങ്ങിയ അന്നുമുതൽ മാണ്ഡ്യയിലെ താര ക്ലിനിക്കിൽ ഡോ. ശങ്കര ഗൗഡയുടെ ഫീസ് അഞ്ചു രൂപയാണ്. ത്വഗ്രോഗ വിദഗ്ധനായ ശങ്കരഗൗഡയെ കാണാൻ ദൂരെ ഭാഗത്തുനിന്നും രോഗികൾ എത്താറുണ്ട്. ദിവസവും നൂറുകണക്കിന് രോഗികളെയാണ് ഇദ്ദേഹം പരിശോധിക്കുന്നത്. മാണ്ഡ്യയിൽ നിന്നും പത്തു കിലോമീറ്റർ അകലെ ശിവഹള്ളി ഗ്രാമത്തിൽ വലിയ കൃഷിത്തോട്ടവും ഗൗഡക്കുണ്ട്. ദിവസവും ഉച്ചവരെ തോട്ടത്തിൽ ജോലി ചെയ്യുന്ന ഗൗഡയെ അവിടെപ്പോയും രോഗികൾക്ക് കാണാം. ജെ.ഡി.എസ് ടിക്കറ്റിൽ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച ഗൗഡ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷം നേടിയിട്ടും മാണ്ഡ്യയിൽ സീറ്റ് ചോദിച്ചപ്പോൾ പാർട്ടി നേതാവ് കുമാരസ്വാമി മുഖത്തുനോക്കി പറഞ്ഞു: പണമുള്ളവർ മത്സരിച്ചാൽ മതിയെന്ന്. ഇതോടെയാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.