സിംഗപ്പൂർ/ഗുവഹത്തി: ഗായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിന്‍റേത് മുങ്ങിമരണമാണെന്നും സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടമല്ലെന്നും സിംഗപ്പൂർ പൊലീസ് അറിയിച്ചു. സുബീൻ ഗാർഗിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും പ്രാഥമിക കണ്ടെത്തലുകളുടെയും പകർപ്പ് ഇന്ത്യൻ ഹൈക്കമീഷന് അയച്ചതായി സിംഗപ്പൂർ പൊലീസ് സേന മാധ്യമങ്ങളെ അറിയിച്ചു.
ഗായകന്‍റെ അറസ്റ്റിലായ മാനേജർ സിദ്ധാർഥ ശർമക്കും പരിപാടിയുടെ മുഖ്യ സംഘാടകൻ ശ്യാംകനു മഹന്തക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി. ക്രിമിനൽ ഗൂഢാലോചന, മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
സിദ്ധാർഥ് ശർമയിൽനിന്ന് സുബീന്‍റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽഫോൺ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഗായിക അമൃതപ്രഭ മഹന്ത, സംഗീതജ്ഞൻ ശേഖർ ഗോസ്വാമി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്ന് പ്രത്യേക അന്വേഷണ സംഘം ഏഴു മണിക്കൂർ ചോദ്യം ചെയ്തു.
അതേസമയം, സുബീന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ഭാര്യ ഗരിമ രംഗത്തെത്തി. സുബിൻ നടത്തിയ കപ്പൽ യാത്രയെപ്പറ്റി തന്നോട് പറഞ്ഞിട്ടില്ലെന്നും കപ്പലിൽ ഉണ്ടായിരുന്നവരെ സംശയിക്കുന്നതായും ഗരിമ മാധ്യമങ്ങളോട് പറഞ്ഞു.
സെപ്റ്റംബർ 19നായിരുന്നു 52കാരനായ അസമീസ് ഗായകൻ സുബീൻ ഗാർഗിന്‍റെ മരണം. സ്കൂബാ ഡൈവിങിനിടെ അപകടത്തിൽ മരിച്ചെന്നായിരുന്നു റിപ്പോർട്ട്. സിദ്ധാർഥ് ശർമ, ശേഖർ ജ്യോതി ഗോസ്വാമി, ശ്യാംകനു മഹന്ത എന്നിവർക്കെതിരെ നിരവധി എഫ്.ഐ.ആറുകളാണ് കേസിനോടനുബന്ധിച്ച് ചുമത്തിയിട്ടുള്ളത്.
സുബീന്‍റെ മരണത്തിൽ സിങ്കപ്പൂരിൽ നിന്ന് അടിയന്തിര നിയമ സഹായം ലഭിക്കാൻ അസം സർക്കാർ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു. അസം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ടുപേർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സിംഗപ്പൂരിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.