അൻവർ ഇബ്രാഹിം, സാകിർ നായിക്
സാക്കിർ നായിക്കിന്റെ കാര്യം മോദിയുമായി സംസാരിച്ചു! നിർണായക വെളിപ്പെടുത്തലുമായി മലേഷ്യൻ പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രമുഖ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടുനൽകണമെന്ന ആവശ്യം ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ ഉയർന്നുവന്നതായി സ്ഥിരീകരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകളിലാണ് ഇക്കാര്യം പരാമർശിക്കപ്പെട്ടത്.
ഇരുരാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിഷയത്തിൽ സ്വകാര്യ സംഭാഷണങ്ങളാണ് നടന്നതെന്ന് അൻവർ ഇബ്രാഹിം പറഞ്ഞു. 'പരസ്പര ചർച്ചകളിൽ ഇത്തരം കാര്യങ്ങൾ തുടർച്ചയായി വരാറുണ്ട്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര താൽപ്പര്യങ്ങൾ മുൻനിർത്തി ഇതൊരു സ്വകാര്യ വിഷയമായിത്തന്നെ നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിച്ചത്. എങ്കിലും പരസ്പര വിശ്വാസവും ഉഭയകക്ഷി ബന്ധവും കൂടുതൽ ദൃഢമാക്കുന്നതിന് ഈ വിഷയം മുൻഗണനാ പട്ടികയിൽത്തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.
വിട്ടുനൽകൽ നടപടികളിൽ നിയമവാഴ്ച പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി വ്യക്തമാക്കി. സാക്കിർ നായിക്കിനെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെക്കുറിച്ച് മലേഷ്യയ്ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും എന്നാൽ വളരെ ജാഗ്രതയോടെ മാത്രമേ ഇതിൽ തീരുമാനമെടുക്കാൻ സാധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട സാക്കിർ നായിക് 2016 മുതൽ മലേഷ്യയിൽ സ്ഥിരതാമസക്കാരനായി തുടരുകയാണ്. ഇന്ത്യ ഔദ്യോഗികമായി നായിക്കിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ തെളിവുകളുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്നാണ് മലേഷ്യയുടെ ഔദ്യോഗിക നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.