വിഡിയോ ദൃശ്യങ്ങളിൽ നിന്ന്

കാലൊടിഞ്ഞ രോഗിക്ക് പ്ലാസ്റ്ററിന് പകരം കാർഡ്ബോർഡ്; ബിഹാറിലെ ആശുപത്രിയിൽ ഞെട്ടിക്കുന്ന ചികിത്സ!

പട്‌ന: പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കേണ്ട ആശുപത്രിയിൽ ചികിത്സക്ക് പകരം കടലാസുപെട്ടി! ബിഹാറിലെ ജഹാനാബാദ് സദർ ആശുപത്രിയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കൾക്ക് പ്ലാസ്റ്ററിന് പകരം കാർഡ്ബോർഡ് കഷണങ്ങൾ ഉപയോഗിച്ച് കെട്ടിവെച്ചതായി ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. പിന്നാലെ സംഭവത്തിൽ ആരോഗ്യവകുപ്പ് ഇടപെടുകയും ബന്ധപ്പെട്ട ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.

ജഹാനാബാദ് സദർ ആശുപത്രിയിൽ നിന്ന് പട്‌ന മെഡിക്കൽ കോളജ് ഹോസ്പിറ്റലിലേക്ക് (പി.എം.സി.എച്ച്) റഫർ ചെയ്ത രണ്ട് യുവാക്കളുടെ കാലുകളിലാണ് പ്ലാസ്റ്ററിന് പകരം കാർഡ്ബോർഡ് കഷണങ്ങൾ കെട്ടിയിരുന്നത്. സംഭവത്തിൽ ഗുരുതരമായ ചികിത്സാ അനാസ്ഥ നടന്നുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

വ്യാഴാഴ്ച ഹുലാസ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. രണ്ട് മോട്ടോർസൈക്കിളുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ടുപേർക്ക് കാലിൽ ഗുരുതരമായ ഒടിവുണ്ടായിരുന്നു. പ്രദേശവാസികൾ പരിക്കേറ്റവരെ ഹുലാസ്ഗഞ്ച് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചിരുന്നു. ഇവിടെ വച്ച് പ്രാഥമിക ചികിത്സയുടെ ഭാഗമായി ഒടിവേറ്റ കാലുകളിൽ കാർഡ്ബോർഡ് കഷണങ്ങൾ ചുറ്റിക്കെട്ടി. തുടർന്ന് ഇവരെ ജഹാനാബാദ് സദർ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

എന്നാൽ ജില്ലാ ആശുപത്രിയിൽ നിന്നും രണ്ട് യുവാക്കളുടെ കാലുകൾക്ക് പ്ലാസ്റ്റർ ഇട്ടില്ലെന്നാണ് റിപ്പോർട്ട്. കാർഡ്ബോർഡ് കെട്ടിയ അതേ നിലയിൽ തന്നെ ഇവരെ പട്‌നയിലെ പി.എം.സി.എച്ചിലേക്ക് റഫർ ചെയ്യുകയായിരുന്നു. പിന്നീട് പരിക്കേറ്റവരുടെ കാലുകളിൽ കാർഡ്ബോർഡ് കെട്ടിയ നിലയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

സംഭവത്തിൽ ആരോഗ്യവകുപ്പ് ഇടപെട്ടതിനെ തുടർന്ന് ജഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് സിവിൽ സർജൻ, സദർ ആശുപത്രി സൂപ്രണ്ട്, ജില്ലാ പ്രോഗ്രാം മാനേജർ (ഡി.പി.എം) എന്നിവരെ വിളിച്ചുവരുത്തി. സംഭവത്തിൽ വിശദീകരണം തേടിയിട്ടുമുണ്ട്.

 
Tags:    
News Summary - Cardboard Splints Spark Hospital Outrage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.