പ്രതിഷേധത്തിനിടെ തകർന്ന പൊലീസ് വാഹനം
ബിഹാറിൽ പ്രഭാതസവാരിക്കിടെ യുവാവിനെ വെടിവെച്ച് കൊന്നു; പൊലീസ് അനാസ്ഥ ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം, വാഹനങ്ങൾ തല്ലിത്തകർത്തു
സീതാമർഹി: ബിഹാറിലെ സീതാമർഹി ജില്ലയിലെ ദുംറ മേഖലയിൽ ശനിയാഴ്ച പുലർച്ചെ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രഭാത സവാരിക്കിറങ്ങിയ മഹ്‌തോ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പോലീസിന്റെ അനാസ്ഥയാണ് കൊലപാതകത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ റോഡിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ പോലീസ് വാഹനങ്ങൾ തകർക്കുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. പതിവുപോലെ നടക്കാനിറങ്ങിയ മഹ്‌തോയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്തുടർന്ന് വെടിവെക്കുകയായിരുന്നു. വെടിയേറ്റ മഹ്‌തോ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. അക്രമികൾ രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
മഹ്‌തോക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആഗസ്റ്റ് 29 ന് പുലർച്ചെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ആദ്യം വെടിവെപ്പുണ്ടായത്. അന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അദ്ദേഹം അക്രമികൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ത്രിഭുവൻ കുമാർ, മുഹമ്മദ് ഇജാസ് അഹമ്മദ്, മുഹമ്മദ് ഇഹ്സാൻ അഹമ്മദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് മഹ്തോയുടെ മൊഴി.
എന്നാൽ പരാതിയിൽ തുടർനടപടിയൊന്നും ഉണ്ടായില്ല. പരാതി ഫയലിൽ മാത്രം ഒതുങ്ങിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 8 ന് മഹ്‌തോയുടെ നേതൃത്വത്തിൽ ഗ്രാമവാസികൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. അന്ന് നടപടിയെടുക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയെങ്കിലും വാക്ക് പാലിച്ചില്ല. ഈ അലംഭാവമാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും നാട്ടുകാർ പറഞ്ഞു.
മഹ്തോയുടെ മരണവിവരമറിഞ്ഞ് നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങുകയും പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. രോഷാകുലരായ ജനക്കൂട്ടം കല്ലെറിയുകയും പോലീസ് ജീപ്പുകൾ അടിച്ചുതകർക്കുകയും ചെയ്തു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കൂടുതൽ പോലീസ് സേന സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി അമിത് രഞ്ജൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ജോലിയിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി ദുംറ എസ്.എച്ച്.ഒ മുകേഷ് കുമാറിനെയും കേസ് അന്വേഷിച്ചിരുന്ന എസ്.ഐ ആദിത്യ കുമാറിനെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ സംഭവം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നിയമസഭ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സംസ്ഥാനത്ത് കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിച്ചെന്നും ക്രമസമാധാനം പൂർണമായും തകർന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.