കൊലചെയ്യപ്പെട്ടതായി കരുതി മൃതദേഹം സംസ്കരിച്ചു, 12 വർഷങ്ങൾക്ക്ശേഷം യുവതി ജീവനോടെ തിരിച്ചെത്തി; നാടിനെ ഞെട്ടിച്ച കണ്ടെത്തൽ

ബീഹാർ: കൊല്ലപ്പെട്ടുവെന്ന് കരുതി സംസ്കരിച്ച യുവതിയെ 12 വർഷങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. ജാർഖണ്ടിലെ ഗർവ ജില്ലയിൽ കാമുകനൊപ്പം ജീവിക്കുകയായിരുന്ന യുവതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. റൊഹ്താസ് ജില്ലയിലുണ്ടായ ഈ ഞെട്ടിക്കുന്ന സംഭവത്തിൽ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഭർത്താവും അമ്മാവനും ഉൾപ്പെടെയുള്ള ബന്ധുക്കൾ നിരപരാധികളായിട്ടും ജയിലിൽ കിടക്കേണ്ടി വന്നത് വലിയ ചർച്ചയായിരിക്കുകയാണ്.

ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ പിരൗട്ട ഗ്രാമവാസിയായ സരസ്വതി ദേവിയും റൊഹ്താസ് ജില്ലയിലെ ബൽരാതി ബിഘ സ്വദേശിയായ അരുൺ മേത്തയും തമ്മിലുള്ള വിവാഹം 2002-ലായിരുന്നു നടന്നത്. ഇവർക്ക് ഒരു മകനുമുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ട ശേഷം 2014-ൽ കുടുംബത്തിന്റെ അറിവില്ലാതെ സരസ്വതി ദേവി ഗ്രാമവാസിയായ റാട്ടു സിങ് എന്നയാളോടൊപ്പം വീടുവിട്ടിറങ്ങുകയായിരുന്നു.

ഈ സംഭവത്തിനു പിന്നാലെ വലിയ ദുരന്തമാണ് ഈ കുടുംബത്തെ തേടിയെത്തിയത്. 2014 ഓഗസ്റ്റ് 22-ന് ഡെഹ്രി മുഫസ്സിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖണ്ഡ ഗ്രാമത്തിന് സമീപമുള്ള ഒരു കനാലിൽ തിരിച്ചറിയാത്ത ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായി. കനാലിൽ കണ്ടെത്തിയ മൃതദേഹം തന്റെ സഹോദരിയുടേതാണെന്ന് യുവതിയുടെ സഹോദരൻ തിരിച്ചറിഞ്ഞു. ഒപ്പം ഗ്രാമത്തിലെ ചൗക്കീദാറും മൃതദേഹം സരസ്വതി ദേവിയുടേതാണെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

തുടർന്ന് നടന്ന സംഭവങ്ങൾ കുടുംബത്തിന്റെ ജീവിതം തകിടം മറിച്ചു. യുവതിയുടെ ഭർത്താവും അമ്മാവനും ഉൾപ്പെടെ എട്ട് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ഇവരെ ജയിലിലടക്കുകയും ചെയ്തു. പിന്നീട് പ്രതികളുടെ കുടുംബം യുവതിയുടെ കുടുംബവുമായി മൂന്ന് ലക്ഷം രൂപ നൽകി ഒത്തുതീർപ്പിലെത്തുകയും ഇതിനെ തുടർന്ന് പ്രതികൾ ജയിൽ മോചിതരാവുകയും ചെയ്തു. എന്നാൽ 2026-ൽ സരസ്വതി ദേവി പേരുമാറ്റി ജാർഖണ്ടിലെ ലഹാരി കല ഗ്രാമത്തിൽ റാട്ടു സിംഗിനൊപ്പം സുഖമായി ജീവിക്കുകയാണെന്ന വിവരം കുടുംബത്തിന് ലഭിക്കുകയായിരുന്നു.

ഈ വിവരം ലഭിച്ചതിനെ തുടർന്ന് അമ്മാവൻ ദിലീപ് മേത്ത റൊഹ്താസ് എസ്.പിയെ വിവരം ധരിപ്പിച്ചു. എസ്.പിയുടെ നിർദ്ദേശപ്രകാരം പ്രത്യേക പൊലീസ് സംഘം ജാർഖണ്ടിൽ അന്വേഷണം നടത്തി യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിന് സരസ്വതി ദേവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം കനാലിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ അജ്ഞാതയായ ആ സ്ത്രീയുടെ മൃതദേഹം ആരുടേതെന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്.

Tags:    
News Summary - Woman who buried years ago returns alive years later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.