കിടപ്പിലായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; ഭാര്യയടക്കം മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: രോഗബാധിതനായി കിടപ്പിലായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് ഭാര്യയടക്കം മൂന്നു പേർ അറസ്റ്റിൽ. ബെംഗളൂരു അവലഹള്ളിയിൽ കിതഗന്നൂർ സ്വദേശിയായ മുബാറക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഷഹീന ബാനു, ഭാര്യയുടെ അമ്മ ഹസീന ബാനു, ഷഹീനയുടെ കാമുകൻ നഹീമുദ്ദീൻ ഖുറേഷി എന്നിവരെയാണ് അവലഹള്ളി പൊലീസ് പിടികൂടിയത്. അസുഖബാധിതയായ മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് നഹീമുദ്ദീൻ ഈ കുടുംബവുമായി പരിചയപ്പെടുന്നത്. കിടപ്പിലായ ഭർത്താവിനെ പരിചരിക്കുന്നതിലുള്ള മടുപ്പ് ഷഹീന പങ്കുവെച്ചപ്പോഴാണ് നഹീമുദ്ദീൻ കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മുബാറക്കിനെ ഷഹീനയും അമ്മയും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. ഈ സമയത്ത് മുബാറക് പ്രതിരോധിക്കാൻ ശ്രമിച്ചതോടെ ഇവർ ഇയാളുടെ മുഖത്തും ജനനേന്ദ്രിയത്തിലും ക്രൂരമായി മർദിക്കുകയുമായിരുന്നു. തുടർന്ന്, മരിച്ചെന്ന് ഉറപ്പാക്കിയതിനുശേഷം ഹൃദയാഘാതം ഉണ്ടായതായി ഷഹീന ബന്ധുക്കളെ വിളിച്ച് അറിയിച്ചു. എന്നാൽ മൃതദേഹത്തിൽ പരിക്കുകൾ കണ്ട മുബാറക്കിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും റിപ്പോർട്ടിൽ കൊലപാതകമാണെന്നും ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും കണ്ടെത്തി. തുടരന്വേഷണത്തിൽ ഷഹീനയെയും അമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരത പുറത്തുവന്നത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.