പരാതി പറഞ്ഞിട്ടും നടപടിയില്ല; ചാക്കിലാക്കി കൊണ്ടുവന്ന തെരുവ് നായകളെ ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് ഇറക്കിവിട്ട് പ്രതിഷേധം

നാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാദ് നഗർ പഞ്ചായത്തിലെ ചീഫ് ഓഫിസറുടെ മുറിയിലെത്തി മേശപ്പുറത്ത് തെരുവുനായകളെ ഇറക്കിവിട്ടായിരുന്നു പ്രതിഷേധം. യുവ സേന ജില്ലാ മേധാവി വിക്രം രൺധാവെയുടെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധ പരിപാടി.

തെരുവുനായകളെ ചെറിയ ചാക്കുകളിലാക്കി നഗർ പഞ്ചായത്ത് ഓഫിസിലെത്തിക്കുന്നതും തുടർന്ന് ഉദ്യോഗസ്ഥന്റെ മേശക്ക് പുറത്ത് അവയെ ഇറക്കിവിടുന്നതും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. നായകൾ മേശപ്പുറത്ത് ഓടിനടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചീഫ് ഓഫിസർ ധീരജ് ഭാംറെയുടെ മേശയിൽ നോട്ട് മാലയും പ്രതിഷേധക്കാർ വെച്ചു. നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിൽ ഭരണകൂടം കാണിക്കുന്ന അനാസ്ഥക്കെതിരായ പ്രതീകാത്മക പ്രതിഷേധമാണിതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

നിഫാദ് നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായകളുടെ എണ്ണം വർധിക്കുന്നതായും ഇതുമൂലം കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ, ഇരുചക്രവാഹന യാത്രക്കാർ തുടങ്ങിയവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതിഷേധക്കാർ ആരോപിച്ചു. നിരവധി പേർക്ക് നായകളുടെ കടിയേറ്റിട്ടുണ്ടെന്നും പലതവണ പരാതികളും നിവേദനങ്ങളും നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായില്ലെന്നും അവർ പറഞ്ഞു.

തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കാൻ അടിയന്തരമായി വന്ധ്യംകരണ നടപടികൾ ആരംഭിക്കണമെന്നും നായകളെ പിടികൂടുന്നതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഗണേശോത്സവം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ തെരുവുനായകളുടെ ശല്യം ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

നായകളുടെ പ്രശ്നം ദിവസങ്ങളായി ഉന്നയിച്ചിട്ടും അധികൃതർ നടപടിയെടുക്കാതെ ടെൻഡർ നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിക്രം രൺധാവെ ആരോപിച്ചു. പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം വീണ്ടും അധികൃതരുടെ ഓഫിസിൽ തെരുവുനായകളെ എത്തിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Nashik activists release stray dogs on officials table after complaints go unheard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.