യുപിഐ ഇടപാടിന് ഫീസീടാക്കും, തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ വാണിജ്യ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കടുത്ത വിമർശനം ഉയരുന്നുണ്ടെങ്കിലും ഡിജിറ്റൽ മേഖല ശക്തിപ്പെട്ട ശേഷം നടപ്പാക്കാൻ അഞ്ച് വർഷം മുമ്പ് എടുത്ത ഈ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് സർക്കാർ വാദം.
2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ അധികച്ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റുകയാണെങ്കിൽ അത് സാധാരണക്കാരെ ബാധിക്കുകയും ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് ആളുകൾ വീണ്ടും കറൻസി ഉപയോഗത്തിലേക്ക് മടങ്ങാൻ ഇടയാക്കുമെന്നുമാണ് വിദഗ്ധരുടെ പക്ഷം. യു.പി.ഐ ഇടപാടിന് ഫീസ് ഈടാക്കുന്നതിനെതിരെ അഭിഭാഷകനായ അഞ്ജൻ ദത്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പൊതുജനങ്ങളുമായും ബന്ധപ്പെട്ട മേഖലകളിലുള്ളവരുമായും സുതാര്യമായ കൂടിയാലോചനകൾ നടത്തിയ ശേഷവും പഠനങ്ങൾ വിലയിരുത്തിയ ശേഷവും മാത്രമേ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാവൂ എന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെടുന്നത്.
സാധാരണക്കാരുടെ സമ്പാദ്യം നശിപ്പിക്കാനുള്ള 'ഡിജിറ്റൽ പേയ്‌മെന്റ് ടാക്‌സ്' ആണ് ഇതെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. എന്നാൽ, സ്വന്തം പാർട്ടിയിലെ എം.പിമാർ പാർലമെന്റിനുള്ളിൽ പിന്തുണച്ച ഒരു കാര്യത്തെ രാഹുൽ ഗാന്ധിയും കോൺഗ്രസും എന്തിനാണ് ഇപ്പോൾ എതിർക്കുന്നതെന്ന് ബി.ജെ.പി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.