സേനാ മെഡൽ ജേതാക്കൾക്ക് ആയുഷ്‌കാല സൗജന്യ ട്രെയിൻ യാത്ര
ന്യൂഡൽഹി: സേന മെഡൽ, നൗ സേന മെഡൽ, വായു സേന മെഡൽ (ഗാലന്ററി) എന്നിവ ലഭിച്ച ധീര സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ റെയിൽവേയിൽ ആയുഷ്‌കാല സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കും.നവംബർ 1 മുതൽ ഐ.ആർ.സി.ടി.സി വഴി ഇതിനായുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
പൂർണ്ണമായും ഓൺലൈനും പേപ്പർ രഹിതവുമായ സംവിധാനമാണ് രജിസ്ട്രേഷൻ പ്രക്രിയ ഡിഫൻസ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. 'ഇന്ത്യൻ റെയിൽവേ കൺസെഷൻ കാർഡ് പോർട്ടൽ' വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. നൽകിയ വിവരങ്ങളുടെ പരിശോധനക്ക് ശേഷം പോർട്ടൽ വഴി ഇലക്ട്രോണിക് പാസുകൾ ലഭ്യമാകും. ഇത് ഉപയോഗിച്ച് ഐ.ആർ.സി.ടി.സി വഴി ബുക്ക് ചെയ്യാം.
ആർക്കൊക്കെ ആനുകൂല്യം ലഭിക്കും?
- പുരസ്കാര ജേതാക്കൾ: സേന മെഡൽ, നൗ സേന മെഡൽ, വായു സേന മെഡൽ (ഗാലന്ററി) എന്നിവ ലഭിച്ച സൈനികർക്ക്.
- യാത്രാ ക്ലാസുകൾ: ഫസ്റ്റ് ക്ലാസ്, സെക്കൻഡ് എസി (2AC), എസി ചെയർ കാർ എന്നിവയിൽ സൗജന്യമായി യാത്ര ചെയ്യാം.
- കംപാനിയൻ: പുരസ്കാര ജേതാവിനൊപ്പം യാത്ര ചെയ്യുന്ന ഒരാൾക്ക് കൂടി സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കും.
അർഹരായ കുടുംബാംഗങ്ങൾ
സേന, നൗ സേന, വായു സേന മെഡൽ ജേതാക്കളുടെ പങ്കാളികൾക്ക് ആയുഷ്‌കാല സൗജന്യ യാത്രക്ക് അർഹതയുണ്ട്. സേവനത്തിനിടെ മരണപ്പെട്ട മെഡൽ ജേതാക്കളുടെ, പുനർവിവാഹം കഴിക്കാത്ത പങ്കാളികൾക്ക് ഈ ആനുകൂല്യം തുടർന്നും ലഭിക്കും. മരണാനന്തര ബഹുമതിയായി മെഡൽ ലഭിച്ച അവിവാഹിതരായ സൈനികരുടെ മാതാപിതാക്കൾക്കും ഈ സൗകര്യം ഉപയോഗിക്കാം.
മുമ്പ് ഉൾപ്പെട്ടിരുന്ന പുരസ്കാരങ്ങൾ
മുമ്പ് പരമവീര ചക്രം, മഹാവീര ചക്രം, വീര ചക്രം, അശോക ചക്രം, കീർത്തി ചക്രം, ശൗര്യ ചക്രം എന്നീ ആറ് 'ചക്ര' പുരസ്കാരങ്ങൾ ലഭിച്ചവർക്ക് മാത്രമായിരുന്നു ഈ സൗകര്യം ലഭിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ സേന, നൗ സേന, വായു സേന മെഡൽ ജേതാക്കളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.