വിവാഹം കഴിഞ്ഞ് 17 ദിവസം; യു.എസിലെ വീട്ടിൽ ഹൈദരാബാദ് സ്വദേശിയായ എൻജിനീയർ മരിച്ചനിലയിൽ
ന്യൂഡൽഹി: യു.എസിൽ വിവാഹം കഴിഞ്ഞ് 17ാം ദിവസം ഹൈദരാബാദ് സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറായ 28കാരൻ മുഹമ്മദ് ജാബർ ഹുസൈനെയാണ് മസാച്യുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും മെഡിക്കൽ റിപ്പോർട്ടുകളും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് കുടുംബം അറിയിച്ചു. ആഗസ്റ്റ് 28ന് ടെക്സസിൽ വെച്ചായിരുന്നു ജാബർ ഹുസൈന്റെ വിവാഹം. വിവാഹത്തിന് ശേഷം അദ്ദേഹം മസാച്യുസെറ്റ്സിലേക്ക് മടങ്ങി. ഭാര്യ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പിതാവ് മുഹമ്മദ് സാക്കിർ ഹുസൈൻ പറഞ്ഞു.
സെപ്റ്റംബർ 14നാണ് ജാബർ അവസാനമായി കുടുംബവുമായി സംസാരിച്ചത്. സംസാരിക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെന്ന് കുടുംബം പറയുന്നു. എട്ട് മണിക്കൂറിന് ശേഷമാണ് ജാബിറിന്റെ മരണവിവരം അറിയുന്നതെന്നും ഉറക്കത്തിനിടെ മരിച്ചുവെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും കുടുംബം പറഞ്ഞു. ജാബറിനൊപ്പം താമസിച്ചിരുന്ന വ്യക്തിയാണ് കുടുംബത്തെ വിളിച്ച് മരണവിവരം അറിയിച്ചത്.
2021ലാണ് ജാബർ ഹുസൈൻ യു.എസിലെത്തിയത്. കണക്റ്റിക്കട്ടിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാവനിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. 2023ൽ പഠനം പൂർത്തിയാക്കിയ ശേഷം വിവിധ എൻജിനീയറിങ് സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഈ വർഷം ജൂണിലാണ് മസാച്യുസെറ്റ്സിലെ ലോച്ച്നർ എന്ന സ്ഥാപനത്തിൽ സിവിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്.
ജാബറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മകന്റെ മൃതദേഹം ഹൈദരാബാദിലെത്തിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. തുടർന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സഹായം തേടി പിതാവ് കത്തയക്കുകയും ചെയ്തിട്ടുണ്ട്. മജ്‌ലിസ് ബച്ചാവോ തെഹ്രീക് വക്താവ് അംജദ് ഉല്ലാ ഖാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഹുസൈന്റെ പിതാവ് എഴുതിയ കത്ത് എക്‌സിൽ പോസ്റ്റ് ചെയ്തു. യു.എസിലെ കാര്യങ്ങൾ ഏകോപിപ്പിക്കാനും മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുടുംബത്തെ സഹായിക്കാനും ഇന്ത്യൻ മിഷനോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.