ബംഗളൂരു: കർണാടകയിലെ ദക്ഷിണകന്നട, ഹുബ്ബള്ളി, മൈസൂരു ജില്ലകളിൽ എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് സംഘടനകളുമായി ബന്ധപ്പെട്ട അഞ്ചിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തി. ദക്ഷിണ കന്നടയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രവർത്തകർ അറസ്റ്റിലായി. കെ. മുഹമ്മദ് ഇഖ്ബാൽ, കെ. ഇസ്മായിൽ ഷാഫി, ഇബ്രാഹിം ഷാ എന്നിവരാണിവർ.
പ്രവീണിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്ന് എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു. ബെള്ളാരി ഗ്രാമപഞ്ചായത്ത് അംഗമാണ് ഇഖ്ബാൽ. ഷാഫി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ്. നിരോധിത സംഘടനയായ പോപുലർഫ്രണ്ട് ജില്ല ജനറൽ സെക്രട്ടറി ആയിരുന്ന മുഹമ്മദ് സുലൈമാന്റെ മൈസൂരുവിലെ മന്തി മൊഹല്ലയിലെ വീട്ടിലും റെയ്ഡ് നടത്തിയിട്ടുണ്ട്.
കേസിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന നാലുപേരെ കണ്ടെത്താൻ സഹായിക്കുന്നവർക്കായി എൻ.ഐ.എ ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടകയിലെ ബെള്ളാരി സ്വദേശിയും യുവമോർച്ച ജില്ല സെക്രട്ടറിയുമായ പ്രവീൺ നെട്ടാരു (32) ജൂലൈ 26നാണ് കൊല്ലപ്പെട്ടത്. ബെള്ളാരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻ.ഐ.എക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.