ബംഗളൂരു: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയി ഓഫിസിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ സംഭവം എസ്.ഐ.ടി അന്വേഷിക്കും. ബംഗളൂരു പൊലീസാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ മേഖല ജോയിന്റ് പൊലീസ് കമീഷണർ സി. വംശി കൃഷ്ണയാണ് എസ്.ഐ.ടി അന്വേഷണസംഘത്തെ നയിക്കുക.
കേസിൽ സമഗ്രവും സൂക്ഷ്മവുമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് ബംഗളുരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തരവിട്ടത്. സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമീഷണർ ലോകേഷ് ജഗലാസറും സംഘത്തിലുണ്ടാകും. ജോയിന്റ് കമ്മീഷണർ, രണ്ട് എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തുന്നത്. റോയിയുടെ മരണത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കിയിരുന്നു.
ആദായ നികുതി റെയ്ഡ് നടക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഓഫിസിൽ വെച്ച് റോയി സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. വെടിയുതിർന്ന നിമിഷം തന്നെ മരണവും സംഭവിച്ചു. വെള്ളിയാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം.
കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ആദായനികുതി സംഘം റോയിയുടെ വസതിയിൽ പരിശോധന നടത്തുകയായിരുന്നു. റോയിയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്ന് കുടുംബം ആരോപിച്ചു. സാമ്പത്തിക പ്രശ്നങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്നും കേന്ദ്ര ഏജൻസിയുടെ തുടർച്ചയായ ഇടപെടലുകളാണ് അദ്ദേഹത്തെ സമ്മർദത്തിലാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
മൂന്ന് ദിവസമായി തുടരുന്ന റെയ്ഡിനിടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നര മണിക്കൂറോളും സി.ജെ റോയിയെയും ഐ.ടി സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, ഓഫിസിലെ കാബിനിലേക്ക് പോയ ശേഷമാണ് സ്വന്തം കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ഉച്ച കഴിഞ്ഞ് 3.15നും 3.30നുമിടയിലായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.