1. അജിത് പവാറും ഭാര്യ സുനേത്ര പവാറും 2. ശരത് പവാർ
ബാരാമതി: വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തകളിൽ പ്രതികരണവുമായി എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാർ. സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം ബാരാമതിയിൽ പറഞ്ഞു.
ബാരാമതിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സത്യപ്രതിജ്ഞാ ചടങ്ങുകളെക്കുറിച്ച് ഞങ്ങൾക്ക് അറിവില്ല. വാർത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. കുടുംബത്തിൽ നിന്ന് ആരെങ്കിലും ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല, കാരണം സത്യപ്രതിജ്ഞയെക്കുറിച്ച് എനിക്ക് ഔദ്യോഗികമായി വിവരങ്ങൾ ലഭിച്ചില്ല.' എന്ന് പവാർ വ്യക്തമാക്കി. ഈ തീരുമാനം എൻ.സി.പിയിലെ പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ തുടങ്ങിയ നേതാക്കൾ എടുത്തതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വേർപിരിഞ്ഞു നിൽക്കുന്ന എൻ.സി.പി വിഭാഗങ്ങളെ ഒന്നിപ്പിക്കണമെന്നത് തന്റെ അനന്തരവൻ അജിത് പവാറിന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും ശരദ് പവാർ വെളിപ്പെടുത്തി.
രണ്ട് വിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ച് അജിത് പവാർ, ശശികാന്ത് ഷിൻഡെ, ജയന്ത് പാട്ടീൽ എന്നിവർ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഫെബ്രുവരി 12ന് ലയനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ നിർഭാഗ്യവശാൽ അതിനുമുമ്പ് അജിത് നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പിലാകണമെന്നാണ് ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്ന് ശരദ് പവാർ വ്യക്തമാക്കി.
ജനുവരി 28ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചത്. ഇതിനെത്തുടർന്ന് നിലവിലുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ അജിത് പവാർ കൈകാര്യം ചെയ്തിരുന്ന പദവി സുനേത്ര പവാറിന് നൽകണമെന്ന് എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ രാജ്യസഭാ എം.പിയായ സുനേത്ര പവാർ ശനിയാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.