മുംബൈ: ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാറിന്റെ മരണത്തോടെ മഹാരാഷ്ട്ര രാഷ്ട്രീയം ആകെ മാറിമറഞ്ഞു. ഭാര്യ സുനേത്ര പവാറിനെ അജിത് പവാറിന്റെ പിൻഗാമിയായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതോടെ സംഭവവികാസങ്ങൾ കൂടുതൽ മാറിമറിഞ്ഞു. അതിനിടെയാണ് ഫെബ്രുവരി 12ന് ഇരുവിഭാഗം എൻ.സി.പി ലയനം ഫെബ്രുവരി 12നുണ്ടാകുമെന്ന് അവകാശപ്പെട്ടത്.
അജിത് പവാറും ശരദ് പവാറും എൻ.സി.പി നേതാക്കളും കൂടിക്കാഴ്ച നടത്തുന്ന വിഡിയോ പുറത്തുവന്നതും ഈ അവകാശവാദങ്ങൾക്ക് ആക്കം കൂട്ടി. മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് ശരദ് പവാർ സ്ഥാപിച്ച എൻ.സി.പി 2023ലാണ് പിളർന്നത്. എൻ.സി.പി പിളർത്തി അജിത് പവാർ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാറിനൊപ്പം പോയി. എൻ.സി.പി എം.എൽ.എമാരിൽ ഭൂരിഭാഗവും അജിത് പവാറിനൊപ്പമായിരുന്നു. പാർട്ടി ചിഹ്നവും അജിത് പവാർ എടുത്തു.
മുംബൈയിലെ വിധാൻ ഭവനിൽ നടന്ന യോഗത്തിൽ എൻ.സി.പി നിയമസഭാ കക്ഷി നേതാവായി രാജ്യസഭാംഗമായ സുനേത്ര പവാറിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെ മാനിക്കുന്നതിനുള്ള കൂട്ടായ തീരുമാനം എന്നാണ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ ആണ് സുനേത്ര പവാറിന്റെ പേര് നിർദേശിച്ചത്. അധികാരമേൽക്കുന്നതോടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി സുനേത്ര മാറും.
2024 ജൂണിലാണ് സുനേത്ര രാജ്യസഭാംഗമായത്. എന്നാൽ സംസ്ഥാന നിയമസഭയിൽ അംഗമല്ല അവർ. അതിനാൽ ഉപമുഖ്യമന്ത്രിയാകുന്നതോടെ ആറ് മാസത്തിനുള്ളിൽ ഒരു നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കുകയോ നിയമസഭ കൗൺസിലിൽ പ്രവേശിക്കുകയോ ചെയ്യേണ്ടതുണ്ട്. മത്സരിക്കുകയാണെങ്കിൽ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബാരാമതിയിൽ ആയിരിക്കും സുനേത്ര മത്സരിക്കുക. അതേസമയം, അജിത് പവാർ ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പ് അവർക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, സർക്കാറിന്റെ ഈ നീക്കം അപകടത്തിലാക്കിയത് ഇരു എൻ.സി.പികളും തമ്മിലുള്ള ലയനനീക്കത്തെയാണ്. ലയനത്തിനായുള്ള ചർച്ചകൾ നാലുമാസമായി നടന്നുവരികയാണെന്നാണ് ശരദ് പവാർ പറഞ്ഞത്. ജയന്ത് പാട്ടീൽ, ശശികാന്ത് ഷിൻഡെ എന്നീ നേതാക്കളും ലയന ചർച്ചയിൽ പങ്കാളികളായിരുന്നു. ഫെബ്രുവരി 12ന് ലയനം നടക്കുമെന്നാണ് അജിത് പവാർ വിശ്വസിച്ചിരുന്നത്. പാർട്ടിയെ വീണ്ടും ഒന്നിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ അജിത് പവാർ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു.
ശരദ് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പിയെ ശക്തിപ്പെടുത്താൻ അജിത് പവാർ പലതവണ തന്റെ വീട്ടിൽ ചർച്ചകൾക്കായി എത്തിയ കാര്യം എൻ.സി.പി മുതിർന്ന നേതാവ് ജയന്ത് പാട്ടീൽ സ്ഥിരീകരിച്ചു. ശരദ് പവാറിന്റെ ജൻമദിനമായ ഡിസംബർ 12ന് ഒരു സമ്മാനമായി പുന:സമാഗമം പ്രഖ്യാപിക്കാൻ പോലും അജിത് പവാർ ആഗ്രഹിച്ചിരുന്നതായി ചില നേതാക്കൾ വെളിപ്പെടുത്തി. എന്നാൽ ആ പദ്ധതി വൈകി. അതിനിടെ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള തീരുമാനത്തെ കുറിച്ച് താൻ അറിവുണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം മനസിലാക്കിയതെന്നും ശരദ് പവാർ പറഞ്ഞു. അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഒന്നിച്ച് മത്സരിക്കുന്നതിനെ കുറിച്ച് മാത്രമാണ് ചർച്ചകൾ നടന്നതെന്നും ലയന സാധ്യതയില്ലെന്നും അജിത് പവാറിന്റെ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് സുനിൽ തത്കറെ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.