വിജയവാഡ: ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ സഹോദരനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്കെതിരെയും ടി.ഡി.പിക്കെതിരെയും കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്. ഷർമിള.
ടി.ഡി.പിയുടെ ഭരണത്തിലും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ (വൈ.എസ്.ആർ.സി.പി) ഭരണത്തിലും ആന്ധ്ര പ്രദേശിൽ ഒരു വികസനവുമുണ്ടായില്ലെന്ന് വൈ.എസ്. ഷർമിള ആരോപിച്ചു. രണ്ട് പാർട്ടികളും പത്ത് ലക്ഷം കോടിയുടെ വൻ കട ബാധ്യതയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടത്. നിലവിലെ സർക്കാരിന് റോഡുകൾ നിർമിക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകാനോ പോലും പണമില്ലെന്നും ഷർമിള കുറ്റപ്പെടുത്തി.
ഉത്തരവാദിത്തം ഏൽപിച്ചതിലും വിശ്വാസമർപ്പിച്ചതിലും ഷർമിള, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് വൈ.എസ്. ഷർമിള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
അടുത്തിടെ വൈ.എസ്.ആർ.സി.പി വിട്ട മംഗളഗിരി എം.എൽ.എ രാമകൃഷ്ണ റെഡ്ഡി, ഷർമിളയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.