പ്രിയങ്ക ഗാന്ധി

യുവത ഈ രാജ്യത്തിന്‍റെ ആത്മാവ്; ഏകാധിപതികളുടെ അഹങ്കാരത്തെ ഇന്ത്യൻ യുവത്വം ചവിട്ടി അരച്ച ദിവസമാണിന്ന് -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: രാജ്യത്തിന്റെ ശബ്ദത്തെ മൂടിവെക്കാൻ ശ്രമിച്ച ഏകാധിപതികളുടെ അഹങ്കാരത്തെ ഇന്ത്യൻ യുവത്വം ചവിട്ടി അരച്ച ദിവസമാണിന്ന് എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. ഡൽഹി ജന്ദർമന്ദറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന ചരിത്രപരമായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും നീറ്റ് പരീക്ഷാ വിവാദങ്ങളിലെ ശക്തമായ പ്രതിഷേധങ്ങൾക്കുമൊടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ച സാഹചര്യത്തിലാണ് അവരുടെ പ്രതികരണം.

"നീതിക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന എല്ലാ യുവതീയുവാക്കളോടും, നിങ്ങളുടെ പോരാട്ടവീര്യത്തെ ഒന്നിനെയും തളർത്താൻ അനുവദിക്കരുത്. നിങ്ങളാണ് ഈ മനോഹരമായ രാജ്യത്തിന്റെ ആത്മാവ്. സമാനതകളില്ലാത്ത ആത്മധൈര്യത്തോടെയും ചങ്കുറപ്പോടെയും നിങ്ങൾ എന്നും മുന്നോട്ട് പോവുക," -പ്രിയങ്ക ഗാന്ധി എക്സ് പോസ്റ്റിൽ കുറിച്ചു. വാർത്ത കേട്ടപ്പോൾ ഏറെ വികാരാധീനയായിയെന്നും നീതിക്കായി പൊരുതിയ വിദ്യാർഥി സമൂഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.

പ്രതിഷേധക്കാരെ നേരിടാൻ ഭരണകൂടം ജലപീരങ്കിയും കണ്ണീർവാതകവും അഴിച്ചുവിട്ടിട്ടും ഒരടി പോലും പിന്നോട്ട് പോകാതെ പൊരുതിയ ഇന്ത്യൻ യുവത്വത്തിന് മുന്നിൽ ഒടുവിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കുമെതിരെ തെരുവിൽ പൊരുതിയ വിദ്യാർത്ഥി സമൂഹത്തിന്റെ ചരിത്രപരമായ വിജയമാണിതെന്ന് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചു.

കഴിഞ്ഞ പന്ത്രണ്ടോളം വർഷമായി തന്റെ മനസ്സിൽ നീറിപ്പുകഞ്ഞ ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ഇന്നത്തെ ഈ യുവജന മുന്നേറ്റം. നമ്മുടെ രാജ്യത്തെ യുവജനങ്ങൾ ഇനി എപ്പോഴാണ് ഉറക്കമുണരുക എന്ന് ഞാൻ പലതവണ ചിന്തിച്ചിട്ടുണ്ട്, ഇന്ന് രാജ്യം കണ്ടത് ആ ചോദ്യത്തിന്റെ ശക്തമായ ഉത്തരമാണ്. സമരത്തിന് തുടക്കം മുതൽ പിന്തുണയുമായി തന്റെ സഹോദരനും കോൺഗ്രസ് പാർട്ടിയും യൂത്ത് കോൺഗ്രസും എൻ.എസ്.യു.ഐയും ഒപ്പം നിന്നിരുന്നുവെന്നു. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്കപ്പുറം ഇത് പൂർണ്ണമായും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും മാത്രം വിജയമാണ്. നീതിക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട എല്ലാ യുവതീയുവാക്കളെയും അഭിനന്ദിച്ച പ്രിയങ്ക ഗാന്ധി, ഈ വാർത്ത അറിഞ്ഞ നിമിഷം തനിക്ക് അളവറ്റ സന്തോഷവും അതോടൊപ്പം കണ്ണീരിൽ കുതിർന്ന വികാരവുമാണ് ഉണ്ടായതെന്നും കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്റെ മർദനമുറകളെയും അവഗണനകളെയും അതിജീവിച്ച് യുവത്വം നേടിയ ഈ ചരിത്രവിജയം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാണ്.

Tags:    
News Summary - Youth crushed dictator's arrogance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.