സുധാൻഷു ത്രിവേദി
'മഹാത്മാഗാന്ധിയും കോൺഗ്രസിലെ ഗാന്ധിമാരും തമ്മിൽ വലിയ അന്തരം': ബിജെപി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ പുതിയ സംഘടനാ നിയമനങ്ങളിലും, ദുബൈ തെൽഅവീവ് വിമാനത്തിൽ അട്ടിമറി ശ്രമം ചെറുത്തുതോൽപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെക്കുറിച്ചുള്ള മൗനത്തിലും ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. ഉത്തർപ്രദേശ് പി.സി.സി അധ്യക്ഷയായി ആരാധനാ മിശ്ര-മോനയെയും വർക്കിംഗ് പ്രസിഡന്റായി ഇമ്രാൻ മസൂദിനെയും നിയമിച്ച കോൺഗ്രസ് നടപടിയെ ബി.ജെ.പി ദേശീയ വക്താവ് സുധാൻഷു ത്രിവേദി വാർത്താസമ്മേളനത്തിൽ നിശിതമായി വിമർശിച്ചു.
മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ തന്നെ ഇത്തരം വിവാദ വ്യക്തികളെ പാർട്ടി പദവികളിലേക്ക് നിയമിച്ചത് വഴി സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമായ മഹാത്മാഗാന്ധിയും കോൺഗ്രസിലെ 'ഗാന്ധിമാരും' തമ്മിലുള്ള അജഗജാന്തര വ്യത്യാസമാണ് പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2023 ആഗസ്റ്റ് മുതൽ യു.പി കോൺഗ്രസ് അധ്യക്ഷനായിരുന്ന അജയ് റായിയെ മാറ്റിയാണ് ആരാധനാ മിശ്രയെ പ്രസിഡന്റായും ഇമ്രാൻ മസൂദിനെ വർക്കിംഗ് പ്രസിഡന്റായും നിയമിച്ചത്. ഇതിന് പുറമെ ചൗധരി വീരേന്ദ്ര സിംഗിനെ നിയമസഭാ കക്ഷി നേതാവായും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
വിവാദ നേതാക്കളെ മുൻനിരയിലെത്തിച്ചെന്ന് ബി.ജെ.പി
നരേന്ദ്ര മോദിയെ തുണ്ടുതുണ്ടായി വെട്ടിനുറുക്കുമെന്ന് മുമ്പ് ഭീഷണി മുഴക്കിയ ചരിത്രമുള്ള നേതാവാണ് ഇമ്രാൻ മസൂദ് എന്ന് സുധാൻഷു ത്രിവേദി ആരോപിച്ചു. മുൻപ് പാർട്ടി പരിപാടിക്കിടെ പ്രവർത്തകർ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ചപ്പോൾ അത് തടഞ്ഞ് 'കോൺഗ്രസ് സിന്ദാബാദ്' വിളിക്കാൻ ആവശ്യപ്പെട്ട വ്യക്തിയാണ് ആരാധനാ മിശ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരക്കാരെ പാർട്ടിയുടെ അമരത്തേക്ക് കൊണ്ടുവന്നതിലൂടെ കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയം വ്യക്തമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാപ്റ്റൻ സ്മിത് മച്ചാറിലെ മൗനം: 'വോട്ട് ബാങ്ക് രാഷ്ട്രീയ'മെന്ന് ആക്ഷേപം
ഫ്ലൈദുബായ് എഫ്.ഇസെഡ് 1073 യാത്രാവിമാനത്തിൽ സഹപൈലറ്റിന്റെ കൊലവിളി ചെറുത്തുതോൽപ്പിച്ച് 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെക്കുറിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും പുലർത്തുന്ന മൗനത്തെയും ത്രിവേദി വാർത്താസമ്മേളനത്തിൽ ചോദ്യം ചെയ്തു.
"ഗസ്സയെ കുറിച്ചും ഫലസ്തീൻ വിഷയങ്ങളെക്കുറിച്ചും നിരന്തരം വാചാലരാകുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്വന്തം രാജ്യത്തെ ഒരു പൈലറ്റിന്റെ വീരോചിതമായ ജീവൻരക്ഷാ ദൗത്യത്തെ അഭിനന്ദിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല? വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്ന ഭയമാണ് കോൺഗ്രസിനെ നയിക്കുന്നത്. പൈലറ്റിനെ പിന്തുണയ്ക്കാതെയുള്ള ഈ നിശ്ശബ്ദത ഭീകരതയോടുള്ള പരോക്ഷ പിന്തുണയാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ ഈ നിലപാട് രാജ്യം അതീവ ഗൗരവത്തോടെ കാണണം."
— സുധാൻഷു ത്രിവേദി ആവശ്യപ്പെട്ടു.
കോക്ക്പിറ്റിനുള്ളിൽ ഗുരുതരമായി പരിക്കേറ്റിട്ടും വിമാനം തകർക്കാനുള്ള അട്ടിമറി നീക്കത്തെ മനക്കരുത്തോടെയാണ് ക്യാപ്റ്റൻ സ്മിത് ചെറുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകനേതാക്കളും പൈലറ്റിന്റെ അസാമാന്യ ധൈര്യത്തെ പ്രശംസിച്ചപ്പോൾ, ഗാന്ധി കുടുംബം ഒരു വാക്ക് പോലും പറയാൻ തയ്യാറായിട്ടില്ലെന്ന് ത്രിവേദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.