'സംവരണത്തിലൂടെയാണോ ജോലി കിട്ടിയത്?'; ഉദ്യോഗസ്ഥനോട് ഹൈകോടതി ജഡ്ജിയുടെ ചോദ്യം, വിവാദം

പാറ്റ്ന: സംവരണത്തെ പരിഹസിച്ചുകൊണ്ടുള്ള പാറ്റ്ന ഹൈകോടതി ജഡ്ജിയുടെ പരാമർശം വിവാദമായി. നവംബർ 23ന് കോടതി നടപടികൾക്കിടെയാണ് ജസ്റ്റിസ് സന്ദീപ് കുമാർ ഒരു സർക്കാർ ജീവനക്കാരനോട് സംവരണത്തിലൂടെയാണോ ജോലികിട്ടിയത് എന്ന് പരിഹാസരൂപേണ ചോദിച്ചത്. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട കേസിൽ ഹാജരായ വകുപ്പ് ഓഫിസറോടായിരുന്നു ജഡ്ജിയുടെ ചോദ്യം. ഭൂമി വിഭജനവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കെ എങ്ങനെയാണ് ഒരു കക്ഷിക്ക് ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാരം നൽകിയതെന്ന് കോടതി ഉദ്യോഗസ്ഥനോട് ചോദിച്ചു.

അതിനിടെ, ഉദ്യോഗസ്ഥനെതിരെ നേരത്തെ സസ്പെൻഷൻ നടപടിയുണ്ടായിരുന്നെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നായിരുന്നു 'സംവരണത്തിലൂടെയാണോ ജോലി കിട്ടിയത്' എന്ന് ജഡ്ജി ഓഫിസറോട് ചോദിച്ചത്. ഓഫിസർ അതേയെന്ന് മറുപടി നൽകി.

ഓഫിസർ കോടതി മുറി വിട്ടതും ഏതാനും അഭിഭാഷകർ ചിരി തുടങ്ങി. ഇപ്പോൾ കോടതിക്ക് കാര്യം മനസിലായില്ലേയെന്ന് ഒരു അഭിഭാഷകന്‍റെ കമന്‍റ്. രണ്ട് ജോലിയിലൂടെയാണ് അയാൾ സമ്പാദിക്കുന്നതെന്ന് വേറൊരാളുടെ അഭിപ്രായം. ഇത് കേട്ട് ജഡ്ജിയുടെ മറുപടി -ഇവർക്കൊന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ല, അയാൾ സമ്പാദിച്ചതെല്ലാം അയാൾ തന്നെ തീർത്തിട്ടുണ്ടാവും. ഇത് കേട്ടും കോടതിയിൽ ചിരിയുയർന്നു.

വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ജഡ്ജിയുടെ പെരുമാറ്റത്തിൽ വ്യാപക വിമർശനമാണുയർന്നത്. 

Tags:    
News Summary - You Got Job Through Reservation Patna HC Judge Kicks Up Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.