കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കും; മോദിക്ക് പിന്നാലെ വിദ്വേഷം വിളമ്പി യോ​ഗി ആദിത്യനാഥ്

ന്യൂഡൽഹി: മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവാദപ്രസം​ഗത്തിന് പിന്നാലെ വിദ്വേഷ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നും ഇൻഡ്യ മുന്നണിയെന്ന പേരിൽ വന്നിരിക്കുന്നവർ രാജ്യത്തെ വഞ്ചിച്ചവരാണെന്നും യോ​ഗി അംറോഹയിൽ നടന്ന ​പ്രചാരണ റാലിയിൽ പറഞ്ഞു.

''ഇന്ത്യ മുന്നണിയെന്ന പേരിൽ ഇപ്പോൾ വന്നിരിക്കുന്നവർ രാജ്യത്തെ വഞ്ചിച്ചവരാണ്. വീണ്ടും അവർ പ്രകടനപത്രികയുമായി നിങ്ങളുടെ മുന്നിൽ വന്നതിന്റെ ലക്ഷ്യം നിങ്ങളെ വീണ്ടും വഞ്ചിക്കുക എന്നതാണ്. തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. അധികാരത്തിലേറിയാൽ വ്യക്തിനിയമം പുനസ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ കോൺഗ്രസ് പറയുന്നു. അതിനർഥം മോദിജി നടപ്പാക്കിയ മുത്തലാഖ് നിരോധനം അടക്കം റദ്ദാക്കി ശരീഅത്ത് നിയമം ഇവിടെ പ്രാവർത്തിക്കുമെന്നാണ്. നിങ്ങൾ പറയൂ, ബാബാ സാഹിബ് ഭീംറാവു അംബേദ്കർ ആവിഷ്കരിച്ച ഭരണഘടനയാണോ അതോ ശരിയത്താണോ ഈ രാജ്യം ഭരിക്കുന്നത്,'' യോ​ഗി ആദിത്യനാഥ് പറഞ്ഞു. അധികാരത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്ലിങ്ങൾക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ വാക്കുകളും യോ​ഗി ആദിത്യനാഥ് ആവർത്തിച്ചിരുന്നു. സമാജ് വാദി പാർട്ടിയും കോൺ​ഗ്രസും ഇത്തരത്തിൽ നിങ്ങളുടെ സ്വത്ത് കവർന്നെടുക്കുന്നത് അനുവദിക്കാൻ നിങ്ങൾക്കാകുമോ എന്നും യോ​ഗി പറഞ്ഞു. ഈ നാണംകെട്ടവരുടെ അവസ്ഥ നോക്കൂ, ഒരു വശത്ത് അവർ നിങ്ങളുടെ സ്വത്തിൽ കണ്ണും നട്ട് മറുവശത്ത് മാഫിയകളെയും ക്രിമിനലുകളെയും അവരുടെ മാലയാക്കി അവരുടെ പേരിൽ ഫാത്തിഹ ഓതിക്കുകയാണ്. മോദി രാജ്യത്ത് തീവ്രവാദം ഇല്ലാതാക്കി. എവിടെയെങ്കിലും പടക്കം പൊട്ടിയാൽ പോലും അതിൽ പങ്കില്ലെന്നാണ് പാകിസ്ഥാൻ പറയുന്നത്. രാജ്യത്ത് തീവ്രവാദ ആക്രമണമുണ്ടായാൽ അതിന്റെ പ്രതാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭയം പാകിസ്ഥാനുണ്ടെന്നും യോ​ഗി പറഞ്ഞു.

കഴിഞ്ഞദിവസം രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമർശം. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മോദിയുടെ പ്രസ്താവന.

Tags:    
News Summary - Yogi Adityanath accuses Congress of promising Sharia law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.