കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു, കേസ് കൊടുത്തിട്ടും രക്ഷയില്ലാതെ സഹോദരിയും ജീവനൊടുക്കി; ജോധ്പൂരിൽ സംഘർഷം

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ വർഷങ്ങളോളം നീണ്ടുനിന്ന കൂട്ടബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനും ഒടുവിൽ സഹോദരിമാർ നീതി ലഭിക്കാതെ ആത്മഹത്യ ചെയ്തു. പലതവണ പൊലിസിനെ സമീപിച്ചിട്ടും നീതി ലഭിച്ചില്ലെന്നാണ് പരാതി. സംഭവം ജോധ്പൂരിൽ വലിയ പ്രതിഷേധത്തിനും സംഘർഷത്തിനും കാരണമായി. കൂട്ടബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനും ഇരയായ മൂത്ത സഹോദരി ആത്മഹത്യ ചെയ്യുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തിട്ടും കുടുംബത്തിന് നീതി ലഭിച്ചിരുന്നില്ല.

മാത്രമല്ല പ്രതികൾ പിന്നീട് ഇളയ സഹോദരിയെയും ബലാത്സംഗത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് ഇടപെടാത്തതിൽ പ്രതിഷേധിച്ച് ഇളയ സഹോദരിയും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു.മാർച്ചിലായിരുന്നു ആദ്യ ആത്മഹത്യ. ഇ-മിത്ര സർവീസ് സെന്റർ ഓപ്പറേറ്ററായ മഹിപാൽ, സഹോദരിയെ ബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് അവർ ആത്മഹത്യ ചെയ്തതെന്ന് ഇളയ സഹോദരി ഏപ്രിൽ 11ന് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ശിവരാജ്, ഗോപാൽ, വിജറാം, ദിനേശ്, മനോജ്, പുഖ്‌രാജ് എന്നിവരുൾപ്പെടെ എട്ട് പേരുടെ പേരുകൾ അവർ പരാതിയിൽ പരാമർശിച്ചു.മഹിപാലും കൂട്ടാളികളും ഏകദേശം നാല് വർഷത്തോളം സഹോദരിയെ ചൂഷണം ചെയ്തുവെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നുമായിരുന്നു ആരോപണം. നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഇളയ സഹോദരി പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു മാസം പിന്നിട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല.സഹോദരിയുടെ ആത്മഹത്യയ്ക്ക് ശേഷം, പ്രതികൾ തന്നെ ഭീഷണിപ്പെടുത്തുകയും വീഡിയോകൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെയും ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറഞ്ഞു.വെള്ളിയാഴ്ച ഇളയ സഹോദരി ഒരു വാട്ടർ ടാങ്കിൽ കയറി പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അവർ വിഷം കഴിക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. സംഭവം രജപുത്ര സമൂഹത്തിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.പൊലീസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് മാർവാർ രജപുത്ര സൊസൈറ്റിയുടെ പ്രസിഡന്റ് ഹനുമാൻ സിങ് ഖങ്ത ആരോപിച്ചു. പൊലീസിന്റെ നിസ്സംഗതയാണ് രണ്ട് സഹോദരിമാരുടെയും ജീവൻ നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസ് അന്വേഷണത്തിൽ അലംഭാവം കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Years Of Gang-Rape, Blackmail, Then 2 Sisters' Suicide In Jodhpur Horror

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.