ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ തനിക്ക് വോട്ട് നൽകണമെന്ന് യശ്വന്ത് സിൻഹ

ന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയാകാനുള്ള മത്സരത്തിൽ തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ.'ഈ തെരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി എല്ലാ എം.പിമാരും എം‌.എൽ‌.എമാരും എനിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' യശ്വന്ത് സിൻഹ പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രസിഡന്റ് സ്ഥാനാർഥി ദ്രൗപദി മുർമുവിനെതിരെയാണ് സിൻഹ മത്സരിക്കുന്നത്. വോട്ടെണ്ണൽ ജൂലൈ 21ന് നടക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.

രാജ്യത്തുടനീളമുള്ള പാർലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും അവരുടെ മനസാക്ഷി പറയുന്നത് കേട്ട് തെരഞ്ഞെടുപ്പിൽ തന്നെ പിന്തുണക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വോട്ട് രഹസ്യമായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു, അതിനാൽ പാർട്ടി വിപ്പ് ഉണ്ടാകില്ല. അതിനർഥം ആർക്ക് വോട്ട് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാമെന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ നടത്തുന്നത് വെറുമൊരു രാഷ്ട്രീയ പോരാട്ടമല്ല, സർക്കാർ ഏജൻസികൾക്കെ​തിരെയും കൂടിയുള്ള പോരാട്ടമാണ്. അവർ വളരെ ശക്തരാണ്. പണവും അതിനിടയിൽ കളിക്കുന്നുണ്ട്' സിൻഹ പറഞ്ഞു.

യശ്വന്ത് സിൻഹ എല്ലാ എം.എൽ.എമാരുടെയും എം.പിമാരുടെയും പിന്തുണ അഭ്യർഥിച്ച് ഞായറാഴ്ച ട്വിറ്ററിൽ കുറിപ്പെഴുതിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി താൻ നിലകൊള്ളുന്നുവെന്നും ദ്രൗപദി മുർമു ജനാധിപത്യത്തിനെതിരെ ദിനംപ്രതി ആക്രമണം നടത്തുന്നവരെയാണ് പിന്തുണക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

'ഭരണഘടനയുടെ ആമുഖത്തിൽ തന്നെയുള്ള മതേതരത്വം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ഈ സ്തംഭം തകർത്ത് ഭൂരിപക്ഷ മേധാവിത്വം സ്ഥാപിക്കാൻ മറയില്ലാതെ തന്നെ ശ്രമിക്കുന്ന പാർട്ടിയുടെ പ്രതിനിധിയാണ് എതിർ സ്ഥാനാർഥി.

സമവായത്തിന്റെയും സഹകരണത്തിന്റെയും രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. എതിർ സ്ഥാനാർഥിയെ പിന്തുണക്കുന്നത് സംഘർഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും രാഷ്ട്രീയം പ്രയോഗിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരമല്ല, രണ്ട് ആശയങ്ങൾ തമ്മിലുള്ളതാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Tags:    
News Summary - Yashwant Sinha's Appeal On Presidential Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.