യശ്വന്ത് സിൻഹ

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മത്സരിക്കാൻ തയാറെന്ന് യശ്വന്ത് സിൻഹ; പ്രതിപക്ഷ സ്ഥാനാർഥിയായേക്കും

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥിയാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ. നിലവിൽ തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനാണ്. സ്ഥാനാർഥിയാകണമെങ്കിൽ തൃണമൂലിൽനിന്നു രാജിവയ്ക്കണമെന്നു കോൺഗ്രസും ഇടതുപാർട്ടികളും ഉപാധി വച്ചിരുന്നു. ഈ ഉപാധി അംഗീകരിച്ചിട്ടുണ്ട്.

നേരത്തെ ബി.ജെ.പി ദേശീയ വക്താവായിരുന്ന ഇദ്ദേഹം മോദിയുമായി തെറ്റിപ്പിരിഞ്ഞ് 2018ൽ പാർട്ടിവിട്ട് 2021ലാണ് തൃണമൂലിൽ ചേർന്നത്. വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.


രാഷ്ട്രപതി തെരഞ്ഞടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായി മത്സരിക്കാനില്ലെന്ന് മുൻ പശ്ചിമ ബംഗാൾ ഗവർണറും ഗാന്ധിജിയുടെ കൊച്ചുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് യശ്വന്ത് സിൻഹക്ക് നറുക്ക് വീണത്. രാഷ്ട്രപതി സ്ഥാനാർഥി എന്നനിലയിൽ തന്നെ പരിഗണിച്ചതിൽ പ്രതിപക്ഷ നേതാക്കളോട് നന്ദിയുണ്ടെന്ന് പറഞ്ഞ ഗോപാൽകൃഷ്ണ ഗാന്ധി, പിന്നീട് അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് അറിയിച്ചത്.

''വലിയൊരു ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽനിന്ന് മാറിനിൽക്കേണ്ട സമയം വന്നിരിക്കുന്നു. മമത ബാനർജി ഈ നടപടി അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'' -എന്നാണ് രാഷ്ട്രപതി സ്ഥാനാർഥിത്വത്തെ കുറിച്ച് യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തത്. തൃണമൂലിൽ മമതാജി തനിക്ക് നൽകിയ ബഹുമാനത്തിനും അന്തസ്സിനും താൻ അവരോട് നന്ദിയുള്ളവനാണെന്നും അദ്ദേഹം കുറിച്ചു.

1960 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സിന്‍ഹ, 1984ൽ ഐ.എ.എസ് ഉപേക്ഷിച്ച് ജനതാ പാർട്ടിയിൽ ചേർന്നതോടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. 1986ൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി. 1988ൽ രാജ്യസഭാംഗമായെങ്കിലും 1989ൽ ജനതാദൾ രൂപവത്കരിക്കപ്പെട്ടപ്പോൾ അതിലേക്ക് കൂടുമാറി. പാർട്ടി ജനറൽ സെക്രട്ടറിയായ അദ്ദേഹം ചന്ദ്രശേഖർ മന്ത്രിസഭയിൽ കേന്ദ്ര ധനമന്ത്രിയായി. പിന്നീട് വീണ്ടും ബി.ജെ.പിയിലെത്തി. 1996ൽ പാർട്ടിയുടെ ദേശീയ വക്താവായി. 2018 ൽ യശ്വന്ത് സിൻഹ ബി.ജെ.പി വിട്ടു.

Tags:    
News Summary - Yashwant Sinha likely to be declared opposition's presidential polls candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.