പട്ന: ബി.ജെ.പി നേതൃത്വത്തിനെതിരെ വിമർശനവുമായി വീണ്ടും ബി.ജെ.പി നേതാവും മുൻമന്ത്രിയുമായ യശ്വന്ത് സിൻഹ. അമിത് ഷായുടെ മകൻ ജയ് ഷാ വിഷയം കൈകാര്യം ചെയ്തതിൽ ബി.ജെ.പിക്ക് വീഴ്ച പറ്റിയെന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. ഇതിലൂടെ ബി.ജെ.പിക്ക് ധാർമികമായ മൂല്യച്യുതിയാണ് സംഭവിച്ചുവെന്നും സിൻഹ കുറ്റപ്പെടുത്തി.
ഒരു സംരഭകനായ ജയ് ഷാക്ക് വേണ്ടി സർക്കാരിൽ ഉന്നത സ്ഥാനം വഹിക്കുന്ന അഭിഭാഷകനെ ഏർപ്പെടുത്തിയത് വലിയ തെറ്റാണ്. മാത്രമല്ല, വൈദ്യുതിവകുപ്പ് ജയ് ഷാക്ക് വഴിവിട്ട രീതിയിൽ വായ്പ അനുദിച്ചതും അതിനെ ന്യായീകരിക്കാൻ വൈദ്യുതി മന്ത്രി പീയൂഷ് ഗോയൽ നടത്തിയ പ്രസ്താവനകളും എന്തൊക്കെയോ വഴിവിട്ട ഇടപാടുകൾ നടന്നു എന്ന ധാരണയാണ് ജനങ്ങൾക്ക് നൽകിയത്.
അഡീഷണൽ സോളിസിറ്റർ ജനറൽ ഒരു സ്വകാര്യ വ്യക്തിക്കുവേണ്ടി കോടതിയിൽ ഹാജരാകുന്നത് ഇതിന് മുൻപ് സംഭവിക്കാത്തതാണ്. നിയമവകുപ്പിൽ നിന്നും ഇതിനുള്ള അനുമതി വാങ്ങിയിരുന്നു എന്നാണ് തുഷാർ മേത്തയുടെ വിശദീകരണം.
സംഭവത്തിൽ ഒന്നിലധികം വകുപ്പുകൾ ഉൾപ്പെട്ടതിനാൽ കേന്ദ്രം എത്രയും പെട്ടെന്ന് അന്വേഷണം പ്രഖ്യാപിക്കേണ്ടതാണെന്നും സിൻഹ പറഞ്ഞു. അഴിമതിയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ബി.ജെ.പിക്ക് ധാർമികത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.