ന്യൂഡൽഹി: ഇന്ത്യ എന്താണ് ചിന്തിക്കുന്നത് എന്നറിയാൻ ലോകം കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദർശനത്തിനു ശേഷം ഡൽഹിയയിൽ മടങ്ങിയെത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്തിടെ ജപ്പാൻ, പാപ്വ ന്യൂ ഗിനി, ആസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്.
''ലോകത്തിന് എന്തുകൊണ്ടാണ് ഇത്രയധികം വാക്സിനുകൾ നൽകിയതെന്നായിരുന്നു ആളുകൾ എന്നോട് ചോദിച്ചത്. ശത്രുക്കൾക്ക് പോലും മാപ്പുകൊടുക്കുന്ന പൈതൃകമാണ് ഇന്ത്യയുടേത്. ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണിത്. എന്നാണ് ഞാനവരോട് പറഞ്ഞത്. ഇന്ന് ഇന്ത്യയെന്താണ് ചിന്തിക്കുന്നത് എന്നറിയാനാണ് ലോകം ആഗ്രഹിക്കുന്നത്.''-മോദി പറഞ്ഞു.
''ആസ്ട്രേലിയയിൽ ഇന്ത്യൻ സമൂഹത്തിന്റെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ പാർട്ടികളിലെ എം.പിമാരും ഒരുമിച്ച് പങ്കെടുത്തു. ജനാധിപത്യത്തിന്റെ ശക്തിയാണ് അത് വിളിച്ചോതിയത്. ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയിൽ എല്ലാവരും ഒന്നടങ്കം അണിചേർന്നു. ആളുകൾ ഇന്ത്യയിലേക്ക് വരുന്നത് മോദിയെ കണ്ടിട്ടല്ല, നമ്മുടെ രാജ്യത്തോടുള്ള സ്നേഹം മൂലമാണ്.''-മോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഉന്നം വെച്ചായിരുന്നു മോദിയുടെ പരാമർശം.
പാപ്വ ന്യൂ ഗിനിയിൽ തിരുക്കുറലിന്റെ പരിഭാഷ പ്രകാശനം ചെയ്യാൻ അവസരം ലഭിച്ച കാര്യവും മോദി എടുത്തു പറഞ്ഞു. സംഭാഷണത്തിനിടെ തമിഴ് ഭാഷയെ പ്രകീർത്തിച്ച പ്രധാനമന്ത്രി തമിഴ് നമ്മുടെ സ്വന്തം ഭാഷയാണെന്നും ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയാണെന്നും കൂട്ടിച്ചേർത്തു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയാണ് മോദിയെ ഹാരം അണിയിച്ച് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.