സഞ്ജയ് ലീലാ ബൻസാലി
മുംബൈ: സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രമായ 'ലവ് ആൻഡ് വാർ' സെറ്റിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ചിത്രത്തിന്റെ സെറ്റിൽ ജോലി ചെയ്തിരുന്ന ചന്ദ്രധാരി സിങ് യാദവ് എന്ന മരപ്പണിക്കാരനാണ് ഷോക്കേറ്റ് മരിച്ചത്. ജൂൺ 17ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE), FSSAMU എന്നീ സംഘടനകൾ നിർമാതാക്കളോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്ന് നിർമാണ കമ്പനി 40 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. എന്നാൽ തുക 50 ലക്ഷമായി ഉയർത്തണമെന്നും, മരിച്ചയാളുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് കൂടി നിർമാതാക്കൾ ഏറ്റെടുക്കണമെന്നുമാണ് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡന്റ് ബി.എൻ തിവാരിയുടെ ആവശ്യം.
ഈ സംഭവം സിനിമാ സെറ്റുകളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും തൊഴിലാളികളുടെ ദുരിതപൂർണ്ണമായ ജോലി സാഹചര്യങ്ങളെക്കുറിച്ചും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എട്ട് മുതൽ പത്ത് മണിക്കൂർ വരെ ജോലി സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിലേറെ സമയം തൊഴിലാളികളെക്കൊണ്ട് നിർബന്ധപൂർവ്വം ജോലി ചെയ്യിക്കുകയാണെന്ന് ബി.എൻ തിവാരി പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സെറ്റുകളിലും വൈദ്യുത സംവിധാനങ്ങളിലും കർശനമായ സുരക്ഷാ ഓഡിറ്റുകൾ വേണമെന്ന് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷൻ (IFTDA) പ്രസിഡന്റ് അശോക് പണ്ഡിറ്റ് ആവശ്യപ്പെട്ടു. നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങളിൽ ഇത്തരം പരിശോധനകൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമിത ജോലിക്ക് അർഹമായ വേതനം ലഭിക്കുന്നില്ലെന്ന പരാതിയും സംഘടനകൾ ഉയർത്തുന്നുണ്ട്.
രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ലവ് ആൻഡ് വാർ'. സഞ്ജയ് ലീലാ ബൻസാലിയും ഈ താരനിരയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. രണ്ട് ഉദ്യോഗസ്ഥരും ഒരു യുവതിയും തമ്മിലുള്ള തീവ്രമായ പ്രണയവും സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.