ആഭ്യന്തര മന്ത്രിയെ കാണാനില്ല, ലോക്സഭയിൽ 12 ദിവസം ‘ആബ്സെന്റ്’; അമിത്ഷായുടെ ഹാജർ പട്ടികയുമായി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ തുടർച്ചയായി വിട്ടുനിൽക്കുന്നുവെന്ന ആക്ഷേപത്തിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ. പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭ ഇതുവരെ 12 ദിവസമാണ് സമ്മേളിച്ചതെന്നും എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒരു മിനിറ്റ് നേരം പോലും സഭാനടപടികളിൽ പങ്കെടുക്കാൻ ധൈര്യമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത് ഷാ വിട്ടുനിന്ന ദിവസങ്ങളുടെ പട്ടികയുമായാണ് കെ.സി. വേണുഗോപാൽ മാധ്യമങ്ങൾക്കുമുന്നിലെത്തിയത്. അമിത് ഷാ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്നും എന്തിനാണ് ജനങ്ങളിൽനിന്ന് ഒളിച്ചോടുന്നതെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ആഭ്യന്തര മന്ത്രി ഉത്തരം പറഞ്ഞേതീരൂവെന്നും കെ.സി പ്രതികരിച്ചു.

പാർലമെന്റിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിനെതിരെ കേന്ദ്ര മന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവനയെയും വേണുഗോപാൽ പരിഹസിച്ച് തള്ളി. പാർലമെന്റിലെ ഏറ്റവും വലിയ തമാശ കിരൺ റിജിജുവിന്റെ പ്രസ്താവനയാണ്. ആഭ്യന്തരമന്ത്രി സഭയിൽ വരുന്നതിൽനിന്ന് ആരാണ് തടഞ്ഞതെന്നും മറുചോദ്യം ഉന്നയിച്ചു. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാറിന്റെ മന്ത്രിമാരെല്ലാം ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏത് മന്ത്രിസഭയിൽ വരണമെന്ന് പ്രതിപക്ഷം തീരുമാനിക്കേണ്ടതില്ലെന്നും, രാവിലെ പാർലമെന്റ് ആരംഭിക്കുന്നത് മുതൽ രാത്രി സഭ പിരിയുന്നത് വരെ അമിത് ഷാ പാർലമെന്റ് മന്ദിരത്തിലുണ്ടെന്നുമായിരുന്നു റിജിജുവിന്റെ വാദം.

അതേസമയം, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന 'ഛാത്രോം കി ഗൂഞ്ച്' പ്രതിഷേധ പരിപാടി തടയാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്. എന്നാൽ, ആര് വിചാരിച്ചാലും പരിപാടി തടയാനാകില്ലെന്നും കെ.സി. വേണുഗോപാൽ വെല്ലുവിളിച്ചു. എന്തുതന്നെവന്നാലും വിദ്യാർഥികളുടെ ശബ്ദം ഉയർത്തുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

Tags:    
News Summary - Home Minister missing; 'absent' from Lok Sabha for 12 days; K.C. Venugopal presents Amit Shah's attendance record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.