കേന്ദ്രമന്ത്രി ശോഭ കരന്തലാജെ, കർണാടക മന്ത്രി ഡോ. യതീന്ദ്ര സിദ്ധരാമയ്യ

‘ഹിന്ദുരാഷ്ട്ര’ത്തെ എതിർക്കുന്നത് ചോദ്യംചെയ്ത് കേന്ദ്രമന്ത്രി ശോഭ കരന്തലാജെ; കർണാടക മന്ത്രിയോട് ‘അമ്മയോട് ചോദിക്കൂ...’ എന്ന് ഉപദേശവും

മൈസൂരു: കർണാടക നഗരവികസന മന്ത്രി ഡോ. യതീന്ദ്ര സിദ്ധരാമയ്യ ഹിന്ദുരാഷ്ട്ര ആശയത്തിനെതിരെ സംസാരിച്ചതിൽ വിമർശനവുമായി ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്തലാജെ. നമ്മുടെ സംസ്കാരത്തെയും മതത്തെയും പാരമ്പര്യത്തെയും കുറിച്ച് യതീന്ദ്ര തന്റെ അമ്മയോട് ചോദിച്ചു മനസ്സിലാക്കണമെന്നാണ് ഉപദേശം. ആഷാഢ വെള്ളിയാഴ്ചയോട് അനുബന്ധിച്ച് മൈസൂരു ചാമുണ്ഡി ഹിൽസിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വിവാദ പരാമർശം നടത്തിയത്.

‘നമ്മൾ ആരാണ്, നമ്മുടെ സംസ്കാരവും മതവും എന്താണ്, നാം പിൻതുടരുന്ന പാരമ്പര്യങ്ങൾ എന്തൊക്കെയാണ്. ഇതൊക്കെ യതീന്ദ്ര തന്റെ അമ്മയോട് പോയി ചോദിക്കണം’ -ശോഭ കരന്തലാജെ പറഞ്ഞു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയാണ് യതീന്ദ്രയെ വളർത്തിയത്. അവർ തന്റെ മകന് കൃത്യമായ മറുപടി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംസ്കാരവും മതവും സംരക്ഷിക്കുന്നവർക്ക് ചാമുണ്ഡേശ്വരി ദേവി ശക്തി നൽകട്ടെയെന്ന് പ്രാർഥിക്കുന്നതായും പറഞ്ഞു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിനെ കഴിഞ്ഞദിവസം മന്ത്രി യതീന്ദ്ര ആവർത്തിച്ച് വിമർശിച്ചിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിന് നിലനിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായാൽ രാജ്യത്ത് ജാതിവ്യവസ്ഥയും സാമൂഹിക ചൂഷണവും തിരികെവരുമെന്നും അഭിപ്രായപ്പെട്ടു.

‘ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞത്. ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് എന്റെ കുറ്റമല്ല. ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമായി മാറരുത് എന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു’ -യതീന്ദ്ര കൂട്ടിച്ചേർത്തു.

ഹിന്ദു രാഷ്ട്രവുമായി ബന്ധപ്പെട്ട് ഭരണഘടന ശിൽപിയായ ഡോ. ബി.ആർ. അംബേദ്കർ നൽകിയ മുന്നറിയിപ്പുകളും അഭിപ്രായങ്ങളും ബി.ജെ.പി നേതാക്കൾ പഠിക്കണമെന്ന് കഴിഞ്ഞദിവസം കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയും  വിമർശനം ഉന്നയിച്ചിരുന്നു. അംബേദ്കറെ ആഘോഷിക്കുന്ന ബി.ജെ.പി, അദ്ദേഹത്തിന്റെ സുപ്രധാന മുന്നറിയിപ്പുകളും ഉപദേശങ്ങളും ഗൗരവമായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - ‘അമ്മയോട് ചോദിക്കൂ...’ -കേന്ദ്രമന്ത്രി ശോഭ കരന്തലാജെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.