ലഖ്‌നൗ-കാൺപൂർ എക്സ്പ്രസ്വേയിലെ അറ്റകുറ്റപ്പണി നടത്തിയ ഭാഗത്ത് പെഡസ്റ്റൽ ഫാനുകൾ വെച്ചിരിക്കുന്നു

റോഡ് ഉണക്കാൻ പെഡസ്റ്റൽ ഫാനുകൾ! ലഖ്‌നോ-കാൺപൂർ എക്സ്പ്രസ് വേ വിവാദത്തിൽ യോഗി സർക്കാറിനെ പരിഹസിച്ച് അഖിലേഷ് യാദവ്

ലഖ്നോ: ‘ഇതാണ് വികസനത്തിന്റെ പുതിയ രൂപം... ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾ മാത്രം കഴിഞ്ഞ റോഡിന് അറ്റകുറ്റപ്പണി വേണ്ടിവന്നിരിക്കുന്നു. അതും റെക്കോർഡ് വേഗത്തിൽ ഉണക്കാൻ പെഡസ്റ്റൽ ഫാനുകൾ ഉപയോഗിക്കുന്നു... ഇത് വലിയ തമാശ തന്നെ’ -സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ‘എക്സി’ൽ കുറിച്ചു.

പുതുതായി നിർമിച്ച ലഖ്‌നോ-കാൺപൂർ എക്സ്പ്രസ് വേയിലെ അറ്റകുറ്റപ്പണി നടത്തിയ ഭാഗം ഉണക്കാൻ കൂറ്റൻ പെഡസ്റ്റൽ ഫാനുകൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് യു.പി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ് രംഗത്തെത്തിയത്. സർക്കാറിന്റെ പുതിയ ‘വികസന മാതൃക’യാണിതെന്ന് പരിഹസിച്ച അദ്ദേഹം, വൻതോതിലുള്ള അഴിമതിയാണ് ഇതിനു പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു.

4,200 കോടി രൂപ ചെലവഴിച്ച് നിർമിച്ച, 63 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ ജൂലൈ 13ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ തകർന്നത് വാർത്തയായിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾക്കിടയിലാണ് കൂറ്റൻ ഫാനുകൾ ഉപയോഗിച്ച് റോഡ് ഉണക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

സംഭവത്തിൽ വൻ ജനരോഷമുയർന്നതോടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമാണ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ചില ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്യുകയുമുണ്ടായി. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ എക്സ്പ്രസ് വേയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു. നിർമാണ നിലവാരം പരിശോധിക്കുന്നതിനായി ഖൊരഗ്പുർ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, നനവ് പെട്ടെന്ന് ഉണക്കുന്നതിനായാണ് ഫാനുകൾ ഉപയോഗിച്ചതെന്നാണ് ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം.

റോഡ് നിർമാണത്തിലെ ഗുണനിലവാരം, അറ്റകുറ്റപ്പണി നടത്തുന്ന രീതികൾ, ഇത്രയധികം കോടികൾ മുടക്കിയുള്ള പദ്ധതികൾ കൃത്യമായ ആസൂത്രണത്തോടെയാണോ നടപ്പാക്കുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഈ കാഴ്ച ഉയർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.

ചില പ്രത്യേക സാഹചര്യങ്ങളിൽ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ പെട്ടെന്ന് ഉണങ്ങാൻ ഫാനുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, കോടികൾ ചെലവഴിച്ച് നിർമിച്ച പാതയിൽ ഇത്തരം കാര്യങ്ങ​ൾ ചെയ്യുന്നതിനെ സർക്കാറിന്റെ വീഴ്ചയായാണ് പലരും വിലയിരുത്തുന്നത്.

എന്തൊക്കെയാണെങ്കിലും, വൻകിട റോഡ് നിർമാണ പദ്ധതികളിൽ സുതാര്യതയും എൻജിനീയറിങ് നിലവാരവും കൃത്യമായ ഗുണനിലവാര പരിശോധനകളും എത്രത്തോളം പ്രധാനമാണെന്ന് ഈ സംഭവം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നുവെന്നായിരുന്നു മറ്റൊരു കമെന്റ്. ദശലക്ഷക്കണക്കിന് യാത്രക്കാർക്കായി ആയിരക്കണക്കിന് കോടികൾ മുടക്കി നിർമിക്കുന്ന ഹൈവേകളിൽ, താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ഉയർന്ന നിലവാരത്തിലുള്ള, ദീർഘകാലം നിലനിൽക്കുന്ന റോഡുകളാണ് ജനം സ്വാഭാവികമായും പ്രതീക്ഷിക്കുന്നതെന്ന വിലയിരുത്തലുകളുമുണ്ട്.

Tags:    
News Summary - റോഡ് ഉണക്കാൻ പെഡസ്റ്റൽ ഫാനുകൾ!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.