സുപ്രീംകോടതി
ന്യൂ ഡൽഹി: പട്ടികജാതി, പട്ടികവർഗ (എസ്.സി/എസ്.ടി) സംവരണത്തിൽ ഇതര പിന്നാക്ക വിഭാഗങ്ങളിലേതുപോലെ (ഓ.ബി.സി) വരുമാന പരിധി അടിസ്ഥാനമാക്കിയുള്ള 'ക്രീമി ലെയർ' തത്ത്വം ഏർപ്പെടുത്തണമെന്ന ഹർജികളെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ക്രീമി ലെയർ തത്ത്വം ബാധകമല്ലെന്ന് മുൻകാല കോടതി വിധികൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സർക്കാർ സർവീസുകളിലെ സംവരണത്തിലുമൊഴികെ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന ഭൂരിഭാഗം ക്ഷേമ-വികസന പദ്ധതികളിലും നിലവിൽ തന്നെ വരുമാന പരിധി മാനദണ്ഡമാക്കിയിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. യഥാർത്ഥത്തിൽ അർഹരായവരിലേക്ക് തന്നെയാണ് ആനുകൂല്യങ്ങൾ എത്തുന്നതെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
സംവരണ നയത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനും, വരുമാന അടിസ്ഥാനത്തിലുള്ള മുൻഗണനകൾ കൊണ്ടുവരുന്നതിനും മുമ്പ്, ഗുണഭോക്താക്കളുടെ സാമൂഹിക-സാമ്പത്തിക വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള സമഗ്രമായ പഠനവും അവലോകനവും ആവശ്യമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ചരിത്രപരമായ വിവേചനങ്ങൾ മറികടന്ന് സാമൂഹിക സമത്വവും നീതിയും ഉറപ്പാക്കുക എന്നതാണ് സംവരണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും, നിലവിലെ ഹർജികളിൽ ഭരണഘടനാപരമായ അവകാശ ലംഘനങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും കേന്ദ്രം വാദിച്ചു.
പട്ടികജാതി-പട്ടികവർഗ പട്ടികയിൽ മാറ്റങ്ങൾ വരുത്താനും പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്താനും ഒഴിവാക്കാനും പാർലമെന്റിന് മാത്രമാണ് അധികാരമുള്ളതെന്നും, ഇത് കോടതികളുടെ ഇടപെടൽ പരിധിയിൽ വരുന്ന വിഷയമല്ലെന്നും കേന്ദ്ര സർക്കാർ ഓർമ്മിപ്പിച്ചു. ഹർജിക്കാർ തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകളുമായാണ് കോടതിയെ സമീപിച്ചതെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.