പ്രിയങ്ക ഗാന്ധി, മോഹൻ ഭാഗവത്

`ആർ.എസ്.എസിന്റെ സർട്ടിഫിക്കറ്റ് ജെൻ സിക്ക് വേണ്ട'; മോഹൻ ഭാഗവതിനെതിരെ പ്രിയങ്ക ഗാന്ധിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് ജെൻ സി, ജെൻ ആൽഫ യുമായി നടത്തിയ സംവാദത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ഇന്ത്യയുടെ യുവതക്ക് ആർ.എസ്.എസ് മേധാവിയുടെ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ജെൻസിക്ക് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രിയങ്ക പറഞ്ഞു. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ ജെൻ സി, ജെൻ ആൽഫ അംഗങ്ങളുമായി മോഹൻ ഭാഗവത് നടത്തിയ സംവാദത്തിന് പിന്നാലെയാണ് ഈ പ്രതികരണം. യുവതലമുറയുമായി ആർ.എസ്.എസ് ബന്ധം സ്ഥാപിക്കാൻ നടത്തുന്ന ശ്രമത്തെ പ്രതിപക്ഷം ചോദ്യം ചെയ്തിരിക്കുകയാണ്.

ഇതിനിടെ ജൂലൈ 20 ലെ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെയും പ്രിയങ്ക കേന്ദ്ര സർക്കാരിനെ വിമർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി വിഷയത്തിൽ വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രിയങ്ക കൂട്ടിചേർത്തു. ആഭ്യന്തര മന്ത്രി പാർലമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നത് അദ്ദേഹം ഭയപ്പെടുന്നതിനാലാണെന്നും അവർ ആരോപിച്ചു.

കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെയും ആർ.എസ്.എസിനെയും ബി.ജെ.പിയെയും വിമർശിച്ചു. ഭാഷയും അവതരണവും മാറിയാലും അവരുടെ അടിസ്ഥാന ആശയങ്ങളിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസും ബി.ജെ.പിയും അവരുടെ വാക്കുകൾ മാറ്റാൻ ശ്രമിക്കുകയാണ്. എന്നാൽ അതുകൊണ്ട് അവരുടെ ആശയങ്ങൾ മാറില്ല. ജനങ്ങളെ വിഭജിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും വിദ്വേഷത്തെ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴും അവരുടെ രീതി. സംഘ് പഴയത് തന്നെയാണ്, മാറിയത് ഭാഷ മാത്രമാണെന്നാണ് ഖർഗെ എക്സിൽ കുറിച്ചത്.

അതേസമയം, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല മോഹൻ ഭാഗവതിന്റെ പരാമർശങ്ങളെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ജെൻ സി യുവാക്കളുടെ പ്രതിഷേധം രാജ്യത്തിനെതിരെയല്ല, സർക്കാരിനെതിരെയാണെന്നും സർക്കാർ വിമർശിക്കുന്നതും രാജ്യത്തെ എതിർക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും ഈ വ്യത്യാസം മോഹൻ ഭാഗവത് അംഗീകരിച്ചത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രതിഷേധിച്ചവർക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാജ്‌വാദി പാർട്ടി എം.പി രാം ഗോപാൽ യാദവും ബി.ജെ.പിയെ വിമർശിച്ചു. ജെൻ സികളുടെ വെല്ലുവിളി നേരിടാൻ ബി.ജെ.പി മോഹൻ ഭഗവതിനെ മുന്നിൽ നിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ പാർട്ടികൾ രാജ്യത്തെ യുവ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് മോഹൻ ഭാഗവതിന്റെ ജെൻ സി, ജെൻ ആൽഫ സംവാദം വലിയ രാഷ്ട്രീയ ചർച്ചയായി മാറിയത്.

രാജ്യത്തെ യുവ വോട്ടർമാരെ ആകർഷിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്ന സാഹചര്യത്തിലാണ് മോഹൻ ഭാഗവതിന്റെ ജെൻ സി, ജെൻ ആൽഫ സംവാദം വലിയ രാഷ്ട്രീയ ചർച്ചയായി മാറിയത്. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആർ.എസ്.എസിന്റെ ലക്ഷ്യത്തെ ചോദ്യം ചെയ്യുമ്പോൾ, സർക്കാറിനെ വിമർശിക്കുന്നത് രാജ്യത്തെ എതിർക്കുന്നതല്ലെന്ന മോഹൻ ഭാഗവതിന്റെ നിലപാടിനെ ഒമർ അബ്ദുല്ല പിന്തുണച്ചതും വിഷയത്തെ കൂടുതൽ ശ്രദ്ധേയമാക്കിയിരിക്കുകയാണ്.

Tags:    
News Summary - മോഹൻ ഭാഗവതിനെതിരെ പ്രിയങ്കയുടെ വിമർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.