ഡി.കെ ശിവകുമാർ

അച്ചടക്കമുള്ള കോൺഗ്രസ് ഭടൻ; പാർട്ടിയെ ബ്ലാക്മെയിൽ ചെയ്യൽ എ​ന്റെ പണിയല്ല; രാജി ഭീഷണി വാർത്ത തള്ളി ഡി.കെ ശിവകുമാർ

ബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രി കൂടിയായി ഡി.കെ ശിവകുമാർ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും, പാർട്ടിയെ ഒരു തരത്തിലും ബ്ലാക്മെയിൽ ചെയ്യൽ തന്റെ ശീലമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക മന്ത്രിസഭ പുന​​ഃ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന വാർത്തകൾക്കിടെയായിരുന്നു പി.സി.സി അധ്യക്ഷന്റെ പ്രതികരണം.

മന്ത്രി സഭ പുനഃസംഘടനാ തീരുമാനം മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മാത്രം അവകാശമാണെന്നും പാർട്ടി ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്ക് ശേഷം വിഷയത്തിൽ അദ്ദേഹം അന്തിമ തീരുമാനമെടുക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.

രണ്ടര വർഷത്തിനു ശേഷം മന്ത്രിസഭയുടെ നേതൃമാറ്റത്തിനായി സമ്മർദം ചെലുത്തുന്നുവെന്നും, പാർട്ടി അധ്യക്ഷ പദവിയിൽ നിന്നും രാജി ഭീഷണി ഉയർത്തിയെന്നുമുള്ള വാർത്തകൾക്ക് മറുപടിയായാണ് താൻ പാർട്ടിയുടെ അച്ചടക്കമുള്ള ഭടനാണെന്ന് ഡി.കെ വ്യക്തമാക്കിയത്. ‘പാർട്ടിയെ ബ്ലാക് മെയിൽ ചെയ്യുന്ന കോൺഗ്രസുകാരനല്ല ഞാൻ. രാവും പകലുമില്ലാതെ കഠിനാധ്വാനം ചെയ്ത് പാർട്ടിയെ കെട്ടിപ്പടുക്കുകയാണ് ഞാൻ. ഈ ജോലി തുടരും. 2028ലും കോൺഗ്രസ് കർണാടകയിൽ അധികാരം നിലനിർത്തും -ഡി.കെ പറഞ്ഞു.

സംസ്ഥാനത്ത് നൂറ് കോൺഗ്രസ് ഓഫീസുകളുടെ നിർമാണം ഉൾപ്പെടെ നിരവധി ​ജോലികൾ മുന്നിലുണ്ട്, ഇതെല്ലാം മറ്റാര് കൈാര്യം ചെയ്യും. അങ്ങനെ ഒരുപാട് ജോലികളുള്ളപ്പോൾ ഞാനെന്തിന് രാജിവെക്കണം. അത്തരമൊരു വിഷയമേ ഉദിക്കുന്നില്ല -ന്യൂഡൽഹിയിൽ വെച്ച് ഡി.കെ മാധ്യമങ്ങളോടായി പ്രതികരിച്ചു.

​കർണാടകയിലെ പുതിയ 100 പാർട്ടി ​ഓഫീസ് കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങിൽ പ​ങ്കെടുക്കാനായി രാഹുൽ ഗാന്ധിയെയും ​എ.ഐ.സി.സി അധ്യക്ഷനെയും ​ക്ഷണിക്കാനെത്തിയതായിരുന്നു ഡി.കെ ശിവകുമാർ.

കർണാടകയിൽ മന്ത്രിസഭ വികസനം മാത്രമാണെന്നും നേതൃമാറ്റമില്ലെന്നും ആഭ്യന്തര മന്ത്രി ജി. പരമേശ്വര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ഡൽഹിയിൽ ചർച്ച നടന്നിട്ടില്ലെന്നും, ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുമാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി സിദ്ദരാമയ്യ വ്യക്തമാക്കി.

Tags:    
News Summary - Won't Blackmail Congress By Threatening To Resign : DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.