വിമാനയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; യാത്രികന് 30 ദിവസത്തെ വിലക്ക്, റിപ്പോർട്ട് തേടി വനിത കമീഷൻ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യാത്രക്കാരന് 30 ദിവസത്തെ യാത്രാവിലക്കേർപ്പെടുത്തി. എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് 30 ദിവസത്തേക്കോ, അല്ലെങ്കില്‍ ആഭ്യന്തര സമിതി തീരുമാനം വരുന്നതുവരെയോ ഏതാണോ നേരത്തെയുള്ളത് അതുവരെയാണു വിലക്കെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. സംഭവം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി എയര്‍ ഇന്ത്യ ആഭ്യന്തര സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നവംബര്‍ 26നാണ് സംഭവം നടന്നത്. തനിക്കുണ്ടായ മോ​ശം അനുഭവത്തെ കുറിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് യാത്രക്കാരി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാബിൻ ക്രൂവിനോട് ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചുവെങ്കിലും വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിന് ശേഷം യാത്രക്കാരൻ സ്വതന്ത്രനായി പുറത്ത് പോയെന്ന് ഇവർ പറയുന്നു.

യാത്രക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. നടന്നുവന്ന ഇയാൾ യാത്രക്കാരിയുടെ സീറ്റിനരികിലെത്തി മൂത്രമൊഴിക്കുകയായിരുന്നു. തന്‍റെ വസ്ത്രത്തിലും, ബാഗിലും ഷൂസിലും മൂത്രം വീണെന്ന് ഇവർ പരാതിയിൽ പറഞ്ഞിരുന്നു. മറ്റൊരു യാത്രക്കാരൻ ഇടപെട്ടാണ് ഇയാളെ പിന്തിരിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പൈജാമയും സ്ലിപ്പറുകളും കാബിൻ ക്രൂ നൽകിയെന്നും അത് ധരിച്ച് ക്രൂവിന്റെ സീറ്റിലിരുന്നാണ് താൻ യാത്ര ചെയ്തതെന്നും യാത്രക്കാരി പരാതിയിൽ വ്യക്തമാക്കി.

സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തെ നിസാരവത്കരിക്കുകയും അശ്രദ്ധ കാണിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡി.ജി.സി.എ അറിയിച്ചു.

വിഷയത്തിൽ ഇടപെട്ട ദേശീയ വനിത കമീഷൻ ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡൽഹി പൊലീസിന് നിർദേശം നൽകി. എത്രയും വേഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കമീഷൻ അധ്യക്ഷ രേഖ ശർമ നിർദേശിച്ചു. 

Tags:    
News Summary - Women's panel takes cognisance of 'urination' incident onboard Air India flight, seeks report within 7 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.