ഡൽഹിയിലെ പത്രസമ്മേളനത്തിൽ സംസാരിക്കുന്ന താലിബാൻ മന്ത്രി
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അഫ്ഗാനിസ്താൻ മന്ത്രി ആമിർ ഖാൻ മുത്തഖിയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്. അഫ്ഗാൻ മന്ത്രിയുടെ വിലക്കിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നു. ഇന്ത്യൻ മണ്ണിൽ പോലും താലിബാൻ ലിംഗ വിവേചനം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നടപടിയെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
വിലക്കിനെ മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും നിശിതമായി വിമർശിച്ചു. നടപടി സ്ത്രീവിരുദ്ധവും അസ്വീകാര്യവുമാണെന്ന് അവർ വ്യക്തമാക്കി. മന്ത്രിയുടെ നടപടി സ്ത്രീവിരുദ്ധവും ഇന്ത്യയുടെ ജനാധിപത്യ ധാർമികതയെ അപമാനിക്കുന്നതുമാണ്. പത്രസമ്മേളനത്തിൽ പുരുഷന്മാർ പങ്കെടുത്തത് ശരിയായില്ലെന്നും പ്രതിഷേധ സൂചകമായി പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവേണ്ടതായിരുന്നുവെന്നും അവർ ചൂണ്ടിക്കാണിച്ചു.
വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ താലിബാനെ അനുവദിച്ചതിന് കേന്ദ്ര സർക്കാറിനെതിരെയും വിമർശനമുണ്ട്. നമ്മുടെ സ്വന്തം മണ്ണിൽ നിബന്ധനകൾ വെക്കാനും വിവേചനപരമായ അജണ്ടകൾ അടിച്ചേൽപ്പിക്കാനും അവർക്കെന്ത് അധികാരമാണുള്ളതെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ചോദിച്ചു. അഫ്ഗാൻ മന്ത്രിയുപടെ നടപടി എങ്ങനെയാണ് അംഗീകരിക്കാൻ സാധിക്കുകയെന്നും സ്ത്രീ പ്രാതിനിധ്യത്തോടുള്ള ക്രൂരമായ അവഗണന അംഗീകരിച്ചത് ആരാണെന്നും പത്രപ്രവർത്തക നയനിമ ബസു എക്‌സിൽ കുറിച്ചു.
അഫ്ഗാനിസ്താനിൽ നിലവിൽ ഭരണത്തിലുള്ള താലിബാൻ, സ്ത്രീവിരുദ്ധ നയങ്ങൾക്ക് പേരുകേട്ടതാണ്. സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്നതിന്റെ പേരിൽ നിരവധി ആഭ്യന്തര പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. ആ രാജ്യത്തെ സ്ത്രീ വിവേചനത്തിനെതിരെ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, പൊതുജീവിതം എന്നിവയിൽനിന്ന് സ്ത്രീകളെ അകറ്റി നിർത്തുന്ന നയങ്ങൾ എത്രയും പെട്ടന്ന് പിൻവലിക്കണമെന്നും താലിബാനോട് യു.എൻ ആവശ്യപ്പെട്ടിരുന്നു.
2021ൽ അഫ്ഗാനിസ്താനിലെ സർക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തശേഷം ഒരു താലിബാൻ മന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണ് മുത്തഖിയുടേത്. കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം എന്നീ വിഷയങ്ങളിൽ ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.