കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽനിന്ന് നിരവധി പേരെ നീക്കം ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും ചേർന്ന് ആസൂത്രണം ചെയ്താണ് വോട്ടർമാരെ വെട്ടിമാറ്റിയതെന്ന് മമത ആരോപിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വഴി പുതുക്കിയ വോട്ടർ പട്ടിക ഫെബ്രുവരി 28ന് പശ്ചിമ ബംഗാളിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പൊതുപരിപാടിക്കിടെ മമതയുടെ പ്രസ്താവന.
പുതുക്കിയ വോട്ടർ പട്ടികയനുസരിച്ച് പശ്ചിമ ബംഗാളിൽ 63.66 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ ഏകദേശം 8.3 ശതമാനമാണിത്. എണ്ണത്തിൽ നിലവിലെ ആകെ വോട്ടർമാർ 7.04 കോടിയിലധികമാണ്. ഏകദേശം 60.06 ലക്ഷം വോട്ടർമാരെ 'പരിശോധനയിലുള്ളവർ' (Under Adjudication) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
‘ഇത് അങ്ങേയറ്റം ഖേദകരവും മനുഷ്യത്വവിരുദ്ധവുമാണ്. തിരഞ്ഞെടുപ്പ് കമീഷൻ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, എത്ര വെട്ടിത്തിരുത്തലുകൾ നടത്തിയാലും എനിക്ക് ആശങ്കയില്ല. എന്റെ മണ്ഡലമായ ഭവാനിപൂരിലും വൻതോതിൽ വോട്ടർമാരെ വെട്ടിച്ചുരുക്കി. എന്നാൽ, ഒരു വോട്ടർ മാത്രമാണ് എന്റെ മണ്ഡലത്തിൽ അവശേഷിക്കുന്നതെങ്കിൽ പോലും ഞാൻ വിജയിക്കും’ -മമത വ്യക്തമാക്കി.
ബംഗാൾ രാഷ്ട്രീയത്തിലെ രണ്ട് വി.വി.ഐ.പി മണ്ഡലങ്ങളായ ഭവാനിപ്പൂരിലെയും നന്ദിഗ്രാമിലെയും വോട്ടർ പട്ടികയിലെ മാറ്റങ്ങളെക്കുറിച്ചും മമത പരാമർശിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ തട്ടകമായ ഭവാനിപ്പൂരിലേയും ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പ്രതിനിധീകരിക്കുന്ന നന്ദിഗ്രാമിലേയും പട്ടികയിൽവന്ന മാറ്റങ്ങൾ വളരെ വലുതാണ്. ഫെബ്രുവരി 28ന് പുറത്തിറക്കിയ കരടുപട്ടികയനുസരിച്ച് ഭവാനിപ്പൂരിൽ ആകെ 1,59,201 വോട്ടർമാരാണ് ലിസ്റ്റിലുള്ളതെങ്കിൽ നന്ദിഗ്രാമിൽ അത് 2,67,608 ആണ്. ഭവാനിപ്പൂരിൽ നിന്നും 2,342 പേരുകൾ നീക്കം ചെയ്തപ്പോൾ വെറും 18 പുതിയ വോട്ടർമാർ മാത്രമാണ് ചേർക്കപ്പെട്ടത്. ഇത് വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കി. എന്നാൽ, നന്ദിഗ്രാമിൽ വോട്ടർമാരുടെ എണ്ണത്തിൽ വർധനയാണുണ്ടായത്. 397 പേരെ ഒഴിവാക്കിയപ്പോൾ 1,167 പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വോട്ടർ പട്ടികയിലെ ഈ മാറ്റങ്ങൾ ഇരുപക്ഷവും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.