വൻ പ്രതിഷേധം; വനിത മാധ്യമപ്രവർത്തകരെ വിളിച്ച് താലിബാന്റെ വാർത്തസമ്മേളനം

ന്യൂഡൽഹി: വനിതാ മാധ്യമപ്രവർത്തകരെ വിളിക്കാതെ വാർത്തസമ്മേളനം നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയതോടെ വനിതകളെ കൂടി പ്രത്യേകം വിളിച്ച് താലിബാൻ വിദേശമന്ത്രി ആമിർ ഖാൻ മുത്തഖി ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ മറ്റൊരു വാർത്തസമ്മേളനം നടത്തി.

കഴിഞ്ഞദിവസം നടത്തിയ ആദ്യവാർത്ത സമ്മേളനത്തിൽ വനിത റിപ്പോർട്ടർമാരെ വിളിക്കാത്തത് സ്ത്രീകളോടുള്ള താലിബാന്റെ വിവേചനം ആണെന്ന വിമർശനം വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് താജ്മഹൽ സന്ദർശനം റദ്ദാക്കി ആമിർ ഖാൻ മുത്തഖി വാർത്തസമ്മേളനം വിളിച്ചത്.

ഡൽഹിയിലെ അഫ്ഗാൻ എംബസിയിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവ് മാത്രമാണെന്നും സ്ത്രീകളെ മനഃപൂർവം ഒഴിവാക്കാൻ ഉദ്ദേശിച്ചതായിരുന്നില്ലെന്നും മുത്തഖി ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചു.

അഫ്ഗാൻ മന്ത്രിയുടെ ആഗ്ര സന്ദർശനം റദ്ദാക്കി

ആഗ്ര (യു.പി): അഫ്ഗാനിസ്താൻ വിദേശമന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഞായറാഴ്ചത്തെ ആഗ്ര സന്ദർശനം അവസാനനിമിഷം റദ്ദാക്കി. മന്ത്രി താജ്മഹൽ സന്ദർശിച്ച് ഒന്നരമണിക്കൂർ അവിടെ ചെലവഴിക്കാൻ തീരുമാനിച്ചിരുന്നു. സന്ദർശനം റദ്ദാക്കാനുണ്ടായ കാരണം വ്യക്തമല്ല.

ആറുദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് അഫ്ഗാൻ വിദേശമന്ത്രി ഡൽഹിയിൽ എത്തിയത്. ഇദ്ദേഹം ശനിയാഴ്ച യു.പിയിലെ ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ചിരുന്നു. നാല് വർഷം മുമ്പ് താലിബാൻ അധികാരം പിടിച്ചെടുത്തശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ അഫ്ഗാൻ മന്ത്രിയാണ് മുത്തഖി. 

Tags:    
News Summary - Women Journalists Attend Taliban FM Amir Khan Muttaqi's Second Press Conference At Afghan Embassy In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.