ചേരികളിലെ പകുതി സ്ത്രീകളും ലൈംഗിക പീഡനത്തിരയാകുന്നു

ചെന്നൈ: മെട്രോനഗരമായ ചെന്നൈയിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളില്‍ രണ്ടിലൊരാൾ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി പഠന റിപ്പോര്‍ട്ട്. കോയമ്പത്തൂര്‍ ആസ്ഥാനമായ സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനയായ ‘ധഗം’ ഫൗണ്ടേഷന്‍െറ സര്‍വെയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. രാത്രികളില്‍ സ്ത്രീകള്‍ സുരക്ഷിതരായി സഞ്ചരിക്കുന്ന  ചെന്നൈയുടെ മറ്റൊരു മുഖമാണ് വെളിവായിരിക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ ആയിരം സ്ത്രീകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.  

ചേരികളില്‍ താമസിക്കുന്ന ശരാശരി രണ്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് ലൈംഗിക പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുണ്ട്. അടുത്ത ബന്ധുക്കളാണ് വില്ലന്‍മാര്‍. ചെന്നൈ നഗരത്തിലെ വ്യാസര്‍പാടി, കാശിമേട്, രാമാപുരം, ബസന്ത് നഗര്‍, സൈദാ പേട്ട, സെമ്മഞ്ചേരി പ്രദേശങ്ങളിലാണ് സര്‍വെ നടന്നത്. പീഡനത്തിരയാകുന്നവരില്‍ പത്ത് ശതമാനം മാത്രമാണ് വിവരങ്ങള്‍ പുറത്തുപറയാന്‍ ധൈര്യപ്പെടുന്നത്. പരാതിപ്പെട്ടാല്‍ ജീവന്‍ അപായപ്പെടുത്തുമെന്ന് ഭയം ചേരികളില്‍ പൊതുവെയുണ്ട്. ദൈനംദിന ജീവിതത്തിന് വഴിതേടി നഗരചേരികളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ധാരാളം കുടുംബങ്ങള്‍ വാടക കുടിലുകളിലാണ് കഴിയുന്നത്. സര്‍ക്കാരിന്‍െറ പുനരധിവാസത്തില്‍ വീടുകള്‍ കിട്ടുന്നവരും ചേരികളിലെ കുടിലുകള്‍ വാടകക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. നിയമങ്ങള്‍ സംബന്ധിച്ച സ്ത്രീകളെ കേന്ദ്രീകരിച്ച ബോധവത്കരണത്തിന്‍െറ അഭാവം കുറ്റകൃത്യങ്ങള്‍ക്ക് വളമാകുന്നുണ്ട്. പൊലീസ് സ്റ്റേഷനുകളിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കപ്പെടേണ്ടതാണെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു

ചേരികളില്‍ ശൈശവ വിവാഹം വ്യാപകമാണ്. പതിനഞ്ച് വയസ്സിനുള്ളില്‍ അഞ്ച് പേരില്‍ ഒരു പെണ്‍കുട്ടി വിവാഹിതരാകുന്നു. ഭൂരിഭാഗം സ്ത്രീകളും ഇരുപത് വയസ്സിനുള്ളില്‍ വിവാഹിതരായി. ഭര്‍ത്താക്കന്‍മാര്‍ക്ക് പ്രായകൂടുതലുണ്ട്. ദാമ്പത്തിക ജീവിതത്തിലെ പൊരുത്തക്കേടുകള്‍ മൂലം നാല്‍പത് ശതമാനം സ്ത്രീകള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നു. വിദ്യാഭ്യാസത്തിന്‍െറ കാര്യത്തിലും സ്ത്രീകള്‍ പിന്നോക്കമാണ്. 37 ശതമാനം സ്ത്രീകള്‍ പ്രൈമറി വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചിരിക്കുന്നത്. രണ്ടു ശതമാനം മാത്രമാണ് ബിരുദാനന്തര ബിരുദം നേടിയത്. സാനിട്ടറി നാപ്കിന്‍ ലഭിക്കാത്തതിനാല്‍ സ്കൂളില്‍ നിന്ന് പാതി വഴി പഠനം ഉപേക്ഷിച്ച് പോയ നിരവധി പെണ്‍കുട്ടികളെയും സര്‍വെയില്‍ കണ്ടത്തെി. ചേരികളില്‍ പൊലീസ് എയ്ഡ് പോസ്റ്റ്, ആരോഗ്യകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, സ്കൂളുകള്‍ എന്നിവ തുറക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. 

Tags:    
News Summary - women in chennai slum faces sexual assualt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.