ന്യൂഡൽഹി: തന്നെ അന്തിമ ദേശീയ പൗരത്വ പട്ടികയിൽ (എൻ.ആർ.സി) ഉൾപ്പെടുത്താതെ വിദേശിയായി വിധിയെഴുതിയ ഉത്തരവ് ശരിവെച്ച ഗുവാഹതി ഹൈകോടതി വിധിക്കെതിരെ സ്ത്രീ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര, അസം സർക്കാറുകളുടെ വിശദീകരണം തേടി. ഇവരെ നാടുകടത്താൻ നടപടിയെടുക്കുന്നത് കേസിൽ കൂടുതൽ വാദം കേൾക്കുന്നതുവരെ തടയുകയും ചെയ്തു.
2019 ജൂണിലെ ഗുവാഹതി ഹൈകോടതി വിധി ചോദ്യം ചെയ്യുന്ന ഇവരുടെ ഹരജി കേൾക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. വിദേശികൾക്കായുള്ള ട്രൈബ്യൂണലിന്റെ 2017ലെ വിധി ശരിവെച്ച് ഹൈകോടതി ഇവരുടെ അപ്പീൽ തള്ളുകയായിരുന്നു. താൻ ഇന്ത്യയിൽ ജനിച്ചയാളാണെന്നാണ് ഹരജിക്കാരിയുടെ വാദം.
രക്ഷിതാക്കളും ഭർത്താവും സഹോദരങ്ങളും ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം പട്ടികയിൽ ഉൾപ്പെടുകയും തന്നെമാത്രം ഒഴിവാക്കുകയും ചെയ്തത് അന്യായമാണ്. 1971 മാർച്ച് 25ന് ശേഷം അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതാണെന്നാണ് വിധി. സമർപ്പിച്ച രേഖകളൊന്നും പരിഗണിക്കാതെയാണിതെന്ന് ഹരജിക്കാരി വ്യക്തമാക്കി. കേസിൽ ഒക്ടോബർ 17ന് വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.