റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഗുർഗാവിൽ ഇഫ്കോ ചൗക്കിലാണ് സംഭവം. യുവതിയുടെ നഗ്നശരീരമാണ് സ്യൂട്ട്കേസിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച്ച വൈകിട്ട് നാലോടെയാണ് പൊലീസ് വിവരം അറിയുന്നത്. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിനെ കുറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇഫ്കോ ചൗക്കിന് സമീപമുള്ള റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പെട്ടി കണ്ടെത്തിയത്.
ഇരുപതിനടുത്ത് പ്രായം തോന്നിക്കുന്ന യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തിലെ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തിൽ അരക്കെട്ടിന്റെ ഭാഗത്ത് പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യഭാഗത്തും പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടർ പറയുന്നു.
മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയതായി വെസ്റ്റ് ഡി.സി.പി ദീപക് സഹറൻ സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയെ മറ്റൊരിടത്ത് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഇവിടെ തള്ളുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. യുവതിയുടെ ഐഡന്റിറ്റി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കേസന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെയും സൈബർ സെല്ലിന്റെയും സഹായം തേടുമെന്നും പ്രതികളെ കണ്ടെത്താൻ സി.സി.ടി.വികൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.